ബസിലെ കണ്ടക്ടറായി ജോലിചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് പഠിച്ച് റോണ്‍ഡ്രിക്‌സ് എന്ന 23കാരന്‍ സ്വന്തമാക്കിയത് കാലിക്കറ്റ് സര്‍വ്വകലാശാല എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക്

single-img
4 July 2015

Rondriks

മറ്റം നമ്പഴിക്കാട് ചിറമ്മല്‍ ഫ്രാന്‍സിസിന്റെയും റൂബി ഫ്രാന്‍സിസിന്റെയും മകനായ റോണ്‍ഡ്രിക്‌സ് കൈവരിച്ചത് വിസ്മയകരമായ നേട്ടമാണ്. ബസ്സില്‍ കണ്ടക്ടറായി പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് എം.കോമിനു പഠിച്ച് അതില്‍ ഒന്നാം റാങ്ക് നേടിയാണ് റോണ്‍ഡ്രിക്‌സ് വേലയില്‍ വളിയുന്ന വിദ്യാഭ്യാസം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കാട്ടിയത്.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശ്ശൂര്‍ പി.ജി. സെന്ററില്‍ പഠച്ച റോണ്‍ഡ്രിക്‌സിന്റെ തന്റെ നേട്ടത്തില്‍ ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. ബി.കോം. കഴിഞ്ഞപ്പോള്‍ ഗള്‍ഫിലേക്ക് പറഞ്ഞയയ്ക്കാന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കി ഉന്നത വിദ്യാഭ്യാസം നേടുകയെന്നായിരുന്നു റോണ്‍ഡ്രിക്‌സ് മനസ്സില്‍ തീരുമാനിച്ചത്. അതിനായി റിട്ട. ഡിവൈ.എസ്.പി. സി.ജെ. കൊച്ചുലോനയുടെ ‘ജെയ്‌സണ്‍ മോട്ടോര്‍സ്’ എന്ന ബസ്സില്‍ ക്ലീനറായി കയറുകയും പിന്നീട് കണ്ടക്ടറാകുകയുമായിരുന്നു.

സാധാരണ ദിവസങ്ങളില്‍ വൈകുന്നേരവും ശനിയും ഞായറും മുഴുവന്‍ സമയവും പണിയെടുത്ത് ചെറുതായാലും റോണ്‍ഡ്രിക്‌സ് തന്റെ ലക്ഷ്യത്തിലേക്കുള്ള തുക സമ്പാദിച്ചു. റോണ്‍ഡ്രിക്‌സിന്റെ കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ അധ്യാപകരും പലകാര്യങ്ങളിലും സഹായിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു.

സ്വന്തം കഴിവില്‍ പഠിച്ച് വിജയിച്ച റോണ്‍ഡ്രിക്‌സിനെ തേടി ഒന്നാം റാങ്ക് എത്തിയപ്പോള്‍ തൊട്ടുപിറകേ ജോലി വാഗ്ദാനങ്ങളും എത്തിയിട്ടുണ്ട്. ബാങ്ക് ജോലി സ്വപ്‌നമായി കൊണ്ടുനടക്കുന്ന റോണ്‍ഡ്രിക്‌സ് ഈ വര്‍ഷം തന്നെ ടെസ്റ്റെഴുതി പ്രബേഷണറി ഓഫീസറായി കയറാനുള്ള തയ്യാറെടുപ്പിലാണ്.

കണ്ടാണശ്ശേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ അംഗവുമാണ് റൂബി. ഫ്രാന്‍സിസ് ചാവക്കാട്ടുള്ള ബന്ധുവിന്റെ ചെരിപ്പുകടയില്‍ ജോലിചെയ്യുന്നു ഫ്രാന്‍സിസ് മുംബൈയില്‍ ജോലിചെയ്യവേയുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹൃത്തായ റോണ്‍ഡ്രിക്‌സ് എന്ന നാവികന്റെ പേരാണ് തന്റെ മകന് നല്‍കിയത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹം മകന് ഈ പേര് നല്‍കിയത്.