ചെമ്മണ്ണൂര്‍ ജൂവലറിയില്‍ ഇസ്മയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് എടുത്ത കേസില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തില്‍ ഡി.ജി.പി മലപ്പുറം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
24 June 2015

8cf5431f579242b65acadc8eb3b3cbbcചെമ്മണ്ണൂര്‍ ജൂവലറിയില്‍ ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് എടുത്ത കേസില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയതിനെതിരെ ഡി.ജി.പി മലപ്പുറം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിരൂര്‍ പാട്ടശേരി ഇസ്മയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം തിരൂര്‍ പോലീസ് ബോബിക്കെതിരെ കേസെടുക്കുകയും പിന്നീട് ഇയാളുടെ പേര് ഒഴിവാക്കുകയും ചെയ്തതിനെതിരെ സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്പിയോട് ഡിജിപി ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പ്രസ്തുത കേസില്‍ നിന്നും ബോബിയെ ഒഴിവാക്കിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും തിരൂര്‍ പോലീസ് എടുത്ത ആത്മഹത്യാ പ്രേരണക്കേസും, മരിച്ച ഇസ്മയിലിനെതിരേ എടുത്ത ആത്മഹത്യാ ശ്രമത്തിനുള്ള കേസും ചേര്‍ത്ത് ഒരു കേസായി പരിഗണിക്കണമെന്നും ജോയ് കൈതാരത്തിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ബോബി ചെമ്മണ്ണൂരിന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നും കൈതാരം പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജുവലറിയില്‍ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുകയായിരുന്നു. ഇസ്മയിലിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ബോബിയെ ഒന്നാം പ്രതിയാക്കിയും മറ്റ് അഞ്ച് ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തതായി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബോബിയുടെ പേര് എഫ്.ഐ.ആറില്‍ നിന്നും നീക്കം ശചയ്യപ്പെടുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ്് മകളുടെ വിവാഹത്തിന് ആഭരണം വാങ്ങിയ ഇനത്തില്‍ മഇസ്മയില്‍ ജൂവലറിക്ക് 2,20,000 രൂപ നല്‍കാനുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഇസ്മയില്‍ നല്‍കിയ ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും കാട്ടി ജൂവലറി ജീവനക്കാരും ഗുണ്ടകളും ഇസ്മയിലിന്റെ വീട്ടിലും, മകളെ വിവാഹം കഴിച്ചയച്ച വീട്ടിലും എത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇസ്മയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഉടമസ്ഥനായ ബോബിയുടെ നിര്‍ദേശമില്ലാതെ ജൂവലറി ജീവനക്കാര്‍ ഇസ്മയിലിന്റെ വീട്ടിലെത്തി ിത്തരത്തില്‍ പെരുമാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ഇസ്മയില്‍ മരിച്ചതിനു ശേഷമാണ് ആത്മഹത്യാശ്രമത്തിനു പോലീസ് കേസെടുത്തതെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതി ഇസ്മയിലിന്റെ കുടുംബത്തിനുണ്ടോ എന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ബോബി ചെമ്മണ്ണൂരും ഗുണ്ടകളും ജുവലറി ജീവനക്കാരും പോലീസുകാരും ചേര്‍ന്ന് ഇസ്മയിലിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

ചെമ്മണ്ണൂര്‍ ജൂവലറിയില്‍ ഇസ്മയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് എടുത്ത കേസില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തില്‍ മലപ്പുറം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ ഇ-വാർത്തയോട് സ്ഥിരീകരിച്ചു.