ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും മകളുടെ വിവാഹാവശ്യത്തിന് സ്വര്‍ണ്ണം വാങ്ങിയ വ്യക്തി ജ്വല്ലറിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
13 June 2015

Chemmannur

ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയ വ്യക്തി ജ്വല്ലറിയിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാളാട് സ്വദേശി പാട്ടശേരി വീട്ടില്‍ ഇസ്മായില്‍(50) ആണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വെച്ച് ഇന്ന് ഉച്ചക്ക് 1.30ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അത്യാഹിത വിഭാഗത്തിലാണ്.

അതേസമയം ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയതിനും ഇസ്മയിലിനെതിരെ ഐപിസി 447, 427 എന്നീ വകുപ്പുകളില്‍ കേസെടുക്കുമെന്ന് തിരൂര്‍ എസ്.ഐ വിശ്വനാഥന്‍ അറിയിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ നിന്നും മകളുടെ വിവാഹാവശ്യത്തിനായി ജ്വല്ലറി ഏജന്റ് വഴി ഇസ്മയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നതില്‍ തുക കുടിശ്ശികയുണ്ടായിരുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ ഇസ്മയിലിന് കുടിശ്ശിക തീര്‍ക്കാന്‍ സാധിച്ചില്ലെന്നും ഇതിന്റെ പേരില്‍ ജ്വല്ലറിയില്‍ നിന്നും ഏജന്റിന്റെ നേതൃത്വത്തില്‍ ആളുകള്‍ ഇസ്മയിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും അറിയുന്നു. ഇതിനെ തുടര്‍ന്ന് തിരൂര്‍ ജ്വല്ലറിയിലെ മാനേജരുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു ഇസ്മയില്‍.

ജ്വല്ലറി മാനേജരായ കെ എം ആനന്ദുമായി ഈ വിജയം സംസാരിച്ചുകൊണ്ടിരിക്കേ ഇസ്മയില്‍ തന്റെ പക്കല്‍ കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കുപ്പിയിലുണ്ടായിരുന്നു പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ഇസ്മയിലിനെ തീഅണച്ച് രക്ഷപെടുത്താന്‍ ശ്രമിച്ച ജ്വല്ലറിയിലെ ജീവനക്കാരന്‍ പ്രജീഷിനും പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇസ്മയിലിന്റെ പക്കല്‍ നിന്നും ജ്വല്ലറിക്കാര്‍ സ്വര്‍ണം നല്‍കുന്നതിന് പകരമായി ബ്ലാങ്ക് ചെക്കും മുദ്രപത്രവും വാങ്ങിയെന്നാണ് അറിയുന്നത്. മാമത്രമല്ല സ്വര്‍ണ്ണത്തിന് പണിക്കൂലിയെന്ന പേരില്‍ വന്‍ തുക ഈടാക്കിയതായും പറയുന്നു. സംഭവം നടന്നതോടെ ജ്വല്ലറിയിലും പരിസരത്തും ജനങ്ങള്‍ തടിച്ചുകൂടി.

ഈയടുത്ത ദിവസമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നുവെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.