സഞ്ചാരപ്രിയരേ, സാഹസികയാത്രയ്ക്ക് ഇനി കാടുകയറാം

single-img
8 June 2015

Forest

കാടിനെ നേരിട്ടറിയാന്‍ കേരള വനംവകുപ്പും ടൂറിസം വകുപ്പും ഒരുമിച്ച് അവസരമൊരുക്കുന്നു. ഒരുപകല്‍ മുഴുവന്‍ കാടിനുള്ളില്‍ കറങ്ങിയുള്ള സാഹസികയാത്രയാണ് ഈ പദ്ധതിയിലൂടെ പ്രസ്തുത വകുപ്പുകള്‍ ഉദ്ദേശിക്കുന്നത്. കാടിന്റെ വന്യ സൗന്ദര്യം ആസ്വദിക്കുനന്തിനൊപ്പം വന്യജീവികളെ അടുത്ത് നിന്ന് വീക്ഷിക്കാനും ഈ യാത്രയിലൂടെ സഞ്ചാരികള്‍ക്ക് സാധിക്കും.

പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്. രണ്ടാം ഘട്ടം താമസിയാതെ തന്നെ തിരുവന്നതപുരം ജില്ലയിലെ പൊന്മുടി കേന്ദ്രീകരിച്ചാണ് വനം- ടൂറിസം വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനുശേഷം പത്തനംതിട്ടയിലെ കോന്നി വനമേഖലയിലും വയനാടന്‍ കാടുകളിലും ഈ പദ്ധതി നടപ്പിലാകും. സംസ്ഥാന വ്യാപകമായ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

തെന്മലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പദ്ധതിക്ക് എല്ലാ ചെലവും ഉള്‍പ്പെടെ ആളൊന്നിന് 1100 രൂപയാണ് നല്‍കേണ്ടത്. ടൂറിസം വകുപ്പിന്റെ വാഹനത്തില്‍ രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 8ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്കൊപ്പം ഗൈഡും തോക്കേന്തിയ വനപാലകരും യാത്രയിലുടനീളമുണ്ടാകും. ഇടയ്ക്ക് വിശ്രമിക്കാനും ആഹാരം കഴിക്കാനും സൗകര്യവുമുണ്ടാകും. തെന്മല ഡാം, പാര്‍ക്കുകള്‍ സന്ദര്‍ശനവും പാലരുവിയിലെ കുളിയും കഴിഞ്ഞ് തെന്മലയില്‍ നിന്നും നാല് കിലോമീറ്റര്‍ കാല്‍നടയായി വനസൗന്ദര്യത്തിന്റെ പറദീസയായ ശെന്തരുണീ കാടുകളിലേക്കുള്ള യാത്രയുമാണ് ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

172.40 ചതുരശ്ര കിലോമീറ്റര്‍ വിസൃതിയില്‍ കൊല്ലംജില്ലയുടെ കിഴക്ക് പശ്ചിമഘട്ടവുമായി തോളുരുമ്മി നില്‍ക്കുന്ന, ആന, കടുവ, പുലി, കാട്ടുപോത്ത്, സിംഹവാലന്‍ കുരങ്ങ്, മ്‌ളാവ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള
നിത്യഹരിത നിബിഡ വനവും അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ കലവറയുമായ ശെന്തരുണിയിലേക്കുള്ള യാത്ര മറക്കാനാവാചത്ത അനുഭവം സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്. വശ്യമായ പ്രകൃതി സൗന്ദര്യം കാത്തിരിക്കുന്ന തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റിസര്‍വോയറും യാത്രയുടെ ഭാഗമാണ്.

 

Photo: Pappadi