മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഒരേ സമയം സ്വയം മരിക്കുകയും മറ്റുള്ളവരെ കൊലപ്പെടുത്തുകയും ചെയ്യുന്നചാവേറുകളാണെന്ന് കോടതി

single-img
1 April 2015

drunk-drivingഒരേ സമയം സ്വയം മരിക്കുകയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ചാവേറുകളാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെന്ന് ഡല്‍ഹി സിറ്റി കോടതി. ഡല്‍ഹിയില്‍ മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചയാളുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പ്രസ്താവന.

റോഡിനെ കുറിച്ച് കൃത്യമായ രൂപം ലഭിക്കാതെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സഞ്ചരിക്കുന്നത്. വാഹനം ഓടിക്കുന്ന ആളുടെ കാഴ്ചയെ പോലും മദ്യം ബാധിക്കുന്നു. മാത്രമല്ല അപകടങ്ങളോ മറ്റോ ഉണ്ടാകുന്ന വേളയില്‍ റോഡില്‍ പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കാനോ പെട്ടെന്നു കാര്യങ്ങളോട് പ്രതികരിക്കാനോ ഇവര്‍ക്ക് സാധിക്കില്ലെന്നും കോടതി സൂചിപ്പിച്ചു.

മദ്യപിച്ച് വാഹനം ഒടിക്കുന്നവരെ മാത്രമല്ല, റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെ ജീവനെയും മദ്യപാനം ബാധിക്കുമെന്നും അതുവഴി അപകടം വിളിച്ചു വരുത്തുകയാണെന്നും കോടതി പറഞ്ഞു. പ്രതിയായ ഓട്ടോഡ്രൈവര്‍ മദ്യപിച്ച് ലൈസന്‍സോ പെര്‍മിറ്റോ ഇന്‍ഷുറന്‍സോ ഫിറ്റ്‌നസോ ഇല്ലാതെ വാഹനമോടിച്ചതിനാല്‍ 20 ദിവസം ജയിലില്‍ അടയ്ക്കാനും 2000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവുമിട്ടു.