ആറ്റുനോറ്റ് വാങ്ങിയ െറനോ ഡെസ്റ്ററിന്റെ ചെറിയ തകരാര്‍ പരിഹരിക്കാന്‍ കമ്പനിയെടുത്തത് 200 ദിവസം; സഹികെട്ട ഉപഭോക്താവ് ആ കാര്‍ തന്റെ പഞ്ചായത്ത് ഓഫീസിന് ദാനം നല്‍കി, പഞ്ചായത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍

single-img
16 March 2015

DUSTER

‘ഫോര്‍ ദ അണ്‍സ്‌റ്റോപ്പബിള്‍ ന്യൂ ജനറേഷന്‍ ഇന്ത്യന്‍’ എന്ന പരസ്യവാചകവുമായെത്തി പേരെടുത്ത റെനോ ഡെസ്റ്ററിന്റെ ഉപഭോക്തൃ അവഗണനയ്‌ക്കെതിരെ രാജാസ്ഥാനില്‍ നിന്നുള്ള ബിസിനസ്‌കാരനായ രാജേഷ് പണികൊടുത്തത് ന്യൂ ജനറേഷന്‍ രീതിയില്‍. താന്‍ ആറ്റു നോറ്റു വാങ്ങിയ വാഹനത്തിന് ഒരു ചെറിയ തരാറ് വന്നപ്പോള്‍ രാജേഷ് കമ്പനിയെ സമീപിച്ചിരുന്നു. പക്ഷേ വാഹനത്തിന്റെറ ഇലക്ട്രിക് എയര്‍ കണ്ടീഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ കമ്പനിയെടുത്തത് 200 ദിവസമാണ്.

കമ്പനിയുടെ നിരുത്തരവാദപരമായ നിലപാടില്‍ സഹികെട്ട രാജേഷ് തന്റെ ഡെസ്റ്റര്‍ മോരാക് സ്‌റ്റേഷന്‍ ഗ്രാമപഞ്ചായത്തിന് ദാനം ചെയ്യുകയായിരുന്നു. ഒമരയൊരു വ്യവസ്ഥയിലാണ് രാജേഷ് വാഹനം ദാനം ചെയ്തത്. വണ്ടി പഞ്ചായത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയായിരുന്നു അത്.

വാഹനം കൈമാറുന്നതിന് മുമ്പ് ‘ചവറ്റുതൊട്ടി’ എന്നെഴുതിയ പോസ്റ്ററുകള്‍ ഉടമ തന്നെ വണ്ടിയില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. ചവറ്റുകൊട്ടയെന്ന പേരില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഡെസ്റ്റര്‍ ഗ്രാമത്തിലൂടെ മാലിന്യവും വഹിച്ചുകൊണ്ട് ഓടുന്നത് കണ്ട് അന്തം വിട്ടുനില്‍ക്കുകയാണ് മറ്റ് ഡെസ്റ്റര്‍ ആരാധകര്‍. ഉപഭോക്താക്കളെ മറക്കുന്ന എല്ലാ കമ്പനികള്‍ക്കും ഒരു പാഠമാണ് രാജസ്ഥാനിലെ ഈ കഥ.