ഇനിമുതല്‍ ടെലഫോണ്‍ ബില്‍ അടച്ചില്ലെങ്കില്‍ ബാങ്ക് വായ്പ കിട്ടില്ല

single-img
28 January 2015

BSNL Landline phonesവായ്പ തിരിച്ചടവു മുടക്കിയവര്‍ക്ക് പുതിയ ബാങ്ക് വായ്പ കിട്ടുക എളുപ്പമല്ല. ഇനിയിപ്പോള്‍ ഫോണ്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും ഇതാകും സ്ഥിതി.

ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വൈദ്യുതി ബില്‍, വെള്ളക്കരം തുടങ്ങിയ സാമ്പത്തിക ഇടപാടുകളിലെ കൃത്യതകണക്കാക്കി മാത്രമേ ബാങ്ക്് വായ്പകള്‍ അടക്കമുള്ള വായ്പാ സംവിധാനങ്ങള്‍ അനുവദിക്കാവു എന്ന അഭ്യര്‍ത്ഥനയുമായി ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) എന്ന സിബില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചു.

ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ പ്രധാന ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സിബില്‍ അംഗങ്ങളായിരിക്കേ ഇത്തരമൊരു നീക്കത്തിന് റിസര്‍വ്വ് ബാങ്കിന്റെ പിന്തുണയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന ക്രെഡിറ്റ് ഇടപാടുകളുടെ വിവരങ്ങള്‍ എല്ലാ മാസവും അവര്‍ ശേഖരിക്കുന്നുണ്ടെന്നും റിസര്‍വ്വ് ബാങ്ക് അഭ്യര്‍ത്ഥന അംഗീകരിച്ചാല്‍ ഈ പരിധിയിലേക്ക് വിവിധ ബില്‍ അടയ്ക്കല്‍ ഇടപാടുകളും കണക്കിലെടുക്കുമെന്നും സിബില്‍ ചെയര്‍മാന്‍ എം.വി.നായര്‍ പറഞ്ഞു.

ട്രായ്, ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി എന്നിവയ്ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയാല്‍ ടെലികോം കമ്പനികളില്‍നിന്നും ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും ഇനിമുതല്‍ സിബിലിനു വിവരം ശേഖരിക്കാനാകുകയും അതുവഴി വായ്പകള്‍ക്കായി നല്‍കുന്ന അപേക്ഷയില്‍ തീരുമാനമുണ്ടാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.