ഡേവിസ് ദേവസി തന്റെ മകന്റെ ആദ്യ ജന്മദിനത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കിയപ്പോള്‍ നിര്‍ദ്ധന വൃക്കരോഗികളായ ഒരു അച്ഛനും നാലര വയസ്സുള്ള മകള്‍ക്കും കിട്ടിയത് ഒരു പുതുജീവിത പ്രതീക്ഷ

single-img
3 January 2015

Pravasiഇതില്‍പരം ഒരു നല്ല ജന്മദിന സമ്മാനം ഡേവിസ് ദേവസിക്ക് തന്റെ മകന് നല്‍കാനില്ല. മകന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക വൃക്കരോഗികള്‍ക്കു നല്‍കിയാണ് ഈ പ്രവാസി മലയാളി മാതൃകയായി. വൃക്കരോഗം ബാധിച്ച, ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കു മഞ്ഞപ്ര ആനപ്പാറ സ്വദേശി ഡേവിസ് ദേവസി ചിറമേലാണു സഹായഹസ്തമായത്. വൃക്കരോഗികളായ കാലടി മറ്റൂര്‍ കുടിയകത്തൂട്ട് വീട്ടില്‍ അനിലിനും നാലര വയസുള്ള മകള്‍ ഭദ്രയ്ക്കുമാണു ഡേവിഡിന്റെ കാരുണ്യ ഹസ്തം നീണ്ടത്.

ഒരേ സമയം വൃക്കരോഗികളായ അച്ഛന്റെയും മകളുടെയും വിവരം ഫേസ്ബുക്കിലൂടെ അറിഞ്ഞ ബഹറിനിലെ കമ്പനി ജീവനക്കാരനായ ഡേവിസ് തന്റെ ഇളയ മകന്‍ ഡേവിഡിന്റെ ആദ്യ ജന്മദിനത്തിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി ആ തുക അനിലിന്റെ കുടുംബത്തിനു കൈമാറുകയായിരുന്നു. മാത്രമല്ല മകന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് സമ്മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും വൃക്കരോഗത്താല്‍ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തെ സഹായിക്കാന്‍ ബര്‍ത്ത്‌ഡേ ഹാളിലെ ചാരിറ്റി ബോക്‌സില്‍ സമ്മാനത്തിന്റെ മൂല്യം തുകയായി നിക്ഷേപിക്കാമെന്നും അറിയിച്ചിരുന്നതനുസരിച്ച് വളരെ നല്ല പ്രതികരണമാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായത്.

ഇത്തരത്തില്‍ കിട്ടിയ 75,000 രൂപയോളം വരുന്ന തുകയും ചേര്‍ത്ത് ഒരു ലക്ഷം രൂപ മറ്റൂരിലെ അനിലിന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു. കാലടി സിഐ ക്രിസ്പിന്‍ സാമാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് അനിലിനു കൈമാറിയത്.