പ്ലസ് ടു വിഷയത്തിൽ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ പോകും

single-img
20 August 2014

Oommen chandy-2തിരുവനന്തപുരം: കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പ്ലസ് ടു സ്‌കൂളുകളിൽ മാത്രം അഡ്മിഷന്‍ തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ ഭൂരിപക്ഷം സ്‌കൂളുകള്‍ക്കും അഡ്മിഷന്‍ തുടരാനാകും. കോടതിവിധി ബാധകമല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് ഇന്ന് തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലസ് ടു കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചിരുന്നു. വ്യാഴാഴ്ച തന്നെ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്ലസ് ടു വിഷയത്തിൽ ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ച് വിധി വിദ്യാര്‍ഥികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുന്നത്.

ഉദ്യോഗസ്ഥരുടെ ശുപാര്‍ശയില്‍ മാത്രം ബാച്ചുകള്‍ അനുവദിക്കുക സര്‍ക്കാരിന് സാധ്യമല്ലെന്നും കോടതിയെ അറിയിക്കും. കുടാതെ പ്രാദേശിക പരിഗണനകള്‍ അവഗണിക്കാനാവില്ലെന്നും പുതുതായി അനുവദിച്ച പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും ആവശ്യാനുസരണമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കും.

മന്ത്രിസഭായോഗത്തിലേക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും ഹയര്‍സെക്കണ്ടറി ഡയറക്ടറേയും വിളിച്ചുവരുത്തിയാണ് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പുതിയ സ്‌കൂളുകളിലേക്കും നിലവിലുള്ള സ്‌കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളിലേക്കുമുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവുള്ളതും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അധ്യക്ഷനായ ആറംഗ സമിതി ശുപാര്‍ശ ചെയ്തതുമനായ ബാച്ചുകളിലേക്ക് പ്രവേശനം നടത്താനും നിര്‍ദ്ദേശം നല്‍കി.

ധനകാര്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി പാക്കേജും ബാര്‍ വിഷയവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. നാളെ ഇതിനായി പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.