നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട്; പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി യുവാക്കള്‍ ഞെട്ടിച്ചു

single-img
25 June 2014

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ജനരോഷം ഇരമ്പുമ്പോള്‍ വേറിട്ട പരിഹാരവുമായി ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തി അധികാരികളെ ഞെട്ടിച്ചു. ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ് വൃത്തിയാക്കി വാഹനഗതാഗതത്തിന് സുഗമമാര്‍ഗ്ഗമൊരുക്കിയിരിക്കയാണ് അവര്‍ അധികാരികളെ അമ്പരപ്പിച്ചിരിക്കുന്നത്.

മണലി പുഴയോരത്തു കൂടിയുള്ള ഒരു കിലോമീറ്റര്‍ കാടുപിടിച്ചു കിടന്ന റോഡ് മടവാക്കര പ്രോഗ്രസീവ് ക്ലബ്ബ് അംഗങ്ങളായ മുപ്പത് യുവാക്കളുടെ ശ്രമഫലമായി വാഹനങ്ങളെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ആമ്പല്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് മണലി പാലം കടന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ ഈ മണലിമടവാക്കര റോഡിലേക്കിറങ്ങാം. ആ റോഡ് വഴി രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കുകയാണെങ്കില്‍ ചിറ്റിശ്ശേരിവഴി പാലിയേക്കരയില്‍ ടോള്‍ പ്ലാസയ്ക്ക് അപ്പുറമിറങ്ങി യാത്ര തുടരുകയും ചെയ്യാം.

പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ദ്ധനവിനെതിരെ ജനകീയ സമരം മുമന്നറുന്ന പശ്ചാത്തലത്തിലാണ് യുവാക്കളുടെ ഈ പുതുവഴി തേടല്‍. സൂചനാ ബോര്‍ഡ് നല്‍കി വാഹനങ്ങളെ ആ റോഡു വഴി കടത്തിവിട്ട് അധികാരികള്‍ക്ക് ചുട്ടമറുപടി നല്‍കുവാനുള്ള ശ്രമത്തിലാണവര്‍.