മുംബൈ ഇന്ത്യന്‍സിന് 15 റണ്‍സ് ജയം

single-img
24 May 2014

mumbai indiansമുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 15 റണ്‍സ് ജയം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങേണ്ടിവന്ന മുംബൈ 19.3 ഓവറില്‍ 173 റണ്‍ കുറിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ഡല്‍ഹിക്ക്‌ നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 158 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മുംബൈക്ക്‌ 12 പോയിന്റുമായി പ്ലേ ഓഫിൽ സാധ്യത നിലനിർത്തി. 33 പന്തില്‍ 56 റണ്‍സ് നേടി മുംബൈ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ ഓപ്പണര്‍ മൈക്ക്‌ ഹസിയാണ്‌ കളിയിലെ കേമന്‍.
]ലന്‍ഡല്‍ സിമണ്‍സും മൈക്ക് ഹസിയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്‌ 7.6 ഓവറില്‍ 87 റണ്ണെടുത്ത ശേഷമാണ്‌ പിരിഞ്ഞത്‌.  25 പന്തില്‍ 35 റണ്ണെടുത്ത സിമ്മണ്‍സിനെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ വെയ്‌ന്‍ പാര്‍നെല്‍ പിടിച്ചു പുറത്താക്കി. 12-ാം ഓവറില്‍ സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ അര്‍ധസെഞ്ചുറി പിന്നിട്ട ഹസി റണ്ണൗട്ടായി മടങ്ങി. 15-ാം ഓവറില്‍ രോഹിത്‌ (30) കൂടാരം കയറിയതിനു പിന്നാലെ മുംബൈ ബാറ്റിംഗിന്റെ താളം നഷ്‌ടപ്പെട്ടു.

ഉനാദ്‌കട്ട്‌ എറിഞ്ഞ ഈ ഓവറില്‍ രോഹിതിനു പുറമേ 11 റണ്ണെടുത്ത പൊള്ളാര്‍ഡിനെ കാര്‍ത്തിക്‌ പിടികൂടി. മധ്യനിരയില്‍ ആദിത്യ താരെ (എട്ടുപന്തില്‍ 14), വാലറ്റത്ത്‌ ശ്രേയസ്‌ ഗോപാല്‍ (11) എന്നിവര്‍ക്കു മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം തികയ്‌ക്കാനായത്‌. റായുഡു (രണ്ട്‌), ഹര്‍ഭജന്‍ (രണ്ട്‌), മര്‍ച്ചന്റ്‌ ഡി ലാന്‍ഗ്‌ (ഒന്ന്‌), പ്രഗ്യാന്‍ ഓജ (രണ്ട്‌) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഡല്‍ഹി നിരയില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ മൂന്നുവിക്കറ്റ്‌ നേടി മികച്ചുനിന്നു.

ജയ്‌ദേവ്‌ ഉനാദ്‌കട്ട്‌ രണ്ടും വെയ്‌ന്‍ പാര്‍നെല്‍, ഷഹ്‌ബാസ്‌ നദീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്കുവേണ്ടി ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ ടീമിന്‌ മികച്ച തുടക്കം നല്‍കി. സഹഓപ്പണര്‍ മുരളി വിജയ്‌യെ കാഴ്‌ചക്കാരനാക്കി പീറ്റേഴ്‌സണ്‍ മുംബൈയെ കടന്നാക്രമിച്ചു. 31 പന്തില്‍ ആറുഫോറും ഒരു സിക്‌സും അടക്കം 44 റണ്ണാണ്‌ പീറ്റേഴ്‌സണ്‍ നേടിയത്‌. വണ്‍ ഡൗണായെത്തിയ കാര്‍ത്തിക്കിനെ ഏഴുറണ്ണെടുത്ത ഡിലാന്‍ഗ്‌ പറഞ്ഞുവിട്ടു.

തിവാരിയും ജെയ്‌പി ഡുമിനിയും ചേര്‍ന്ന കൂട്ടുകെട്ട്‌ ഡല്‍ഹിയെ ജയത്തിനരികില്‍ എത്തിക്കുകയും ചെയ്‌തു. 31 പന്തില്‍ അഞ്ചുഫോറും ഒരു സിക്‌സും അടക്കം 41 റണ്ണെടുത്ത തിവാരി 19-ാം ഓവറില്‍ മടങ്ങി. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍ വേണ്ടിയിരുന്ന ഡല്‍ഹിയെ ബുംറാഹ്‌ പൂട്ടിയതോടെ ജയം അസാധ്യമായി. മുംബൈക്കുവേണ്ടി ഡി ലാന്‍ഗ്‌ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ഹര്‍ഭജനും ഗോപാലിനും ഓരോ വിക്കറ്റ്‌ കിട്ടി.