ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ അഞ്ചു വിക്കറ്റ്‌ ജയം

single-img
28 April 2014

dhoniഷാര്‍ജ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ അഞ്ചു വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 145 റണ്ണെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡെ്വയ്‌ന്‍ സ്‌മിത്തും (46 പന്തില്‍ 66) ബ്രണ്ടന്‍ മക്കല്ലവും (33 പന്തില്‍ 40) 85 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി സൂപ്പര്‍ കിംഗ്‌സിനെ അനായാസം ജയത്തിലേക്ക് നയിക്കുമെന്ന് തോന്നി.

സുരേഷ്‌ റെയ്‌ന (10 പന്തില്‍ 14), സ്‌മിത്ത്‌, ഫാഫ്‌ ഡു പ്ലെസിസ്‌ (0) എന്നിവരെ പുറത്താക്കി മത്സരത്തിലേക്ക് ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാൽ ധോണി ഒരു ഭാഗത്ത് ഉറച്ച് നിന്ന് ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ചു.

23 റണ്‍ വിട്ടുകൊടുത്തു രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാരില്‍ മുമ്പനായി. പതിവുവെടിക്കെട്ടിനു പോകാതെ 45 പന്തില്‍ 44 റണ്ണെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചാണു ഹൈദരാബാദ്‌ ടീമിന്റെ ടോപ്‌ സ്‌കോറര്‍.

നായകനും ഓപ്പണറുമായ ശിഖര്‍ ധവാന്‍ (ഏഴ്‌), ഡേവിഡ്‌ വാര്‍ണര്‍ (0) എന്നിവരെ തുടക്കത്തിലേ നഷ്‌ടപ്പെട്ടതാണു ഫിഞ്ചിനെ വെടിക്കെട്ടില്‍നിന്നു പിന്തിരിപ്പിച്ചത്‌.

ഒന്‍പതു പന്തില്‍ ഏഴു റണ്ണെടുത്ത ധവാനെ ബെന്‍ ഹില്‍ഫെന്‍ഹാസിന്റെ പന്തില്‍ മിഥുന്‍ മന്‍ഹാസ്‌ പിടികൂടി. രണ്ടു പന്തിന്റെ ഇടവേളയില്‍ ഡേവിഡ്‌ വാര്‍ണര്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ്‌ കൗളും (27 പന്തില്‍ 25) ഫിഞ്ചും ചേര്‍ന്നതോടെയാണു സണ്‍റൈസേഴ്‌സ് തകര്‍ച്ചയില്‍നിന്നു രക്ഷപ്പെട്ടത്‌.  സൂപ്പര്‍ കിംഗ്‌സിനു വേണ്ടി ഹില്‍ഫെന്‍ഹാസ്‌, മോഹിത്‌ ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതവും സ്‌മിത്ത്‌ ഒരു വിക്കറ്റുമെടുത്തു.