ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ഇന്ത്യയ്ക്ക് ഉപദേശം നല്‍കാന്‍ സൈനിക ഉദ്യോഗസ്ഥനെ അയച്ചിരുന്നുവെന്ന് ബ്രിട്ടന്റെ സ്ഥിരീകരണം

single-img
5 February 2014

ലണ്ടൻ: അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍  1984ൽ സിഖ് തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തിയ‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ’ആക്രമണം ആസൂത്രണം ചെയ്യാന്‍  ബ്രിട്ടന്റെ ഉപദേശം  ലഭിച്ചിരുന്നതായി ഔദ്യോഗിക അന്വേഷണത്തിൽ തെളിഞ്ഞു. ഔദ്യോഗിക അന്വേഷണത്തിലെ കണ്ടത്തെലുകള്‍ ഉദ്ധരിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പാര്‍ലമെന്‍റിനെ അറിയിച്ചതാണിത്. എന്നാൽ ബ്രിട്ടന്രെ നിർദ്ദേശങ്ങൾ പരിമിതമായ പ്രത്യാഘാതമേ ഉണ്ടാക്കിയുള്ളുവെന്നും ഹേഗ് സൂചിപ്പിച്ചു.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് സിഖുകാരെ നീക്കം ചെയ്യുന്നതിന് ഇന്ദിര ഗാന്ധിയെ സഹായിക്കാന്‍ ബ്രിട്ടീഷ് സ്‌പെഷല്‍ എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ഇന്ത്യയിലേക്കയച്ചെന്നു പറയുന്ന രേഖകളാണ് ലേബര്‍ പാര്‍ട്ടി അംഗം ടോം വാട്‌സണ്‍ പുറത്ത് വിട്ടിരുന്നത്.

ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടത്തുന്നത് സംബന്ധിച്ച് വിദഗ്ദ്ധ ഉപദേശം തേടി ഉള്ള കത്ത് ബ്രിട്ടന് ലഭിച്ചിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യയിലേയ്ക്ക് അയച്ചിരുന്നു എന്നും ഹേഗ് അറിയിച്ചു. എന്നാല്‍ അവസാന ആശ്രയം എന്ന നിലയിലെ സായുധ നീക്കം നടത്താന്‍ പാടുള്ളൂ എന്നാണു തങ്ങള്‍ നിര്‍ദ്ദേശിച്ചത് എന്നാണു ബ്രിട്ടന്റെ വാദം.

ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ 575 പേര്‍ മരിച്ചതായി ആണ് ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്.എന്നാല്‍  ഏകദേശം 3000 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലോകത്തുള്ള മുഴുവന്‍ ശിഖ സമൂഹത്തെയും വേദനിപ്പിച്ച ഒരു സംഭവം ആണിതെന്നു ഹേഗ് ആമുഖമായി പറഞ്ഞു.ആക്രമണത്തിന് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചാല്‍ പരമാവധി ആളപായം കുറയ്ക്കാമെന്നും ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍ ഉപദേശിച്ചിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പാടെ അവഗണിച്ചെന്നും കരസേനയെ മാത്രം ഉപയോഗിച്ച് നടത്തിയ നീക്കം ആണ് ആളപായം കൂടാന്‍ കാരണമായതെന്നും ഹേഗ് വിശദീകരിച്ചു.