രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
4 February 2014

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വാദിച്ചു.തങ്ങള്‍ക്ക് വിധിച്ച വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണം എന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തന്‍ , മുരുകന്‍,പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്ജ്ജിയിന്മേല്‍ ഉള്ള വാദത്തിനിടെ ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന താമസം വധശിക്ഷ റദ്ദാക്കാന്‍ കാരണമാകാം എന്നാ നിര്‍ണ്ണായക സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് ഈ ഹര്‍ജ്ജി സമര്‍പ്പിക്കപ്പെട്ടത്.

എന്നാല്‍ പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജ്ജിയില്‍ പശ്ചാത്താപം രേഖപ്പെടുത്തുന്ന ഒരു വാക്ക് പോലുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ഗൂലം വാഹന്‍വതി പറഞ്ഞു.വളരെ സന്തോഷകരമായ ജീവിതം ആണ് പ്രതികള്‍ ജയിലില്‍ നയിക്കുന്നതെന്നും അത് കൊണ്ട് വധശിക്ഷയിലെ കാലതാമസം പ്രതികള്‍ക്ക് യാതൊരു മാനസിക വ്യഥയും നല്കിയിട്ടുണ്ടാവില്ല എന്നും അദ്ദേഹം വാദിച്ചു.

അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനുണ്ടായ കാലതാമസത്തിന് നേരത്തെ ഭരിച്ച എന്‍ ഡി എ സര്‍ക്കാര്‍ ആണ് ഉത്തരവാദി എന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.