നിയോ തനിയാമിന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

single-img
4 February 2014

Nido_360അരുണാചല്‍ എം.എല്‍.എയും ആരോഗ്യ മന്ത്രാലയം പാര്‍ലമെന്ററി സെക്രട്ടറിയുമായ നിഡോ പവിത്രയുടെ മകന്‍ നിഡോ തനിയാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും ഡല്‍ഹി പോലീസിനും സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്കിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. കേസ് അന്വേഷണത്തിനായി ഡല്‍ഹി പോലീസ് പ്രത്യേകസംഘത്തിനു രൂപം നല്കി.

ഫര്‍മാന്‍ (22), സുന്ദര്‍ (27), പവന്‍ (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍. ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്, എസ്‌സി/എസ്ടി നിയമം മൂന്നാം വകുപ്പ് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റക്കാരെന്നു സംശയിക്കുന്ന മൂന്നുപേര്‍ക്കുകൂടി വേണ്ടി പോലീസ് യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ ആറു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്‌ടെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ തനിയാമിനെ ഹെയര്‍ സ്‌റ്റൈലിന്റെ പേരില്‍ മാര്‍ക്കറ്റിലെ ഒരു കടയിലുണ്ടായിരുന്നവര്‍ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രകോപിതനായ തനിന്‍ തനിക്കുനേരെയുള്ള ആക്ഷേപങ്ങള്‍ക്കു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കടയുടെ ഗ്ലാസ് തകര്‍ക്കുകയും ഇതേത്തുടര്‍ന്നു കടയിലുണ്ടായിരുന്നവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇരുമ്പുവടിയുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ തനിന്‍ ഒരുദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.