ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയും ഓസ്‌ട്രേലിയയ്‌ക്ക്

single-img
1 February 2014

ausഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയും ഓസ്‌ട്രേലിയയ്‌ക്ക്. രണ്ടാം ട്വന്റി20യില്‍ എട്ടുവിക്കറ്റിനാണ്‌ ആതിഥേയര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്‌. കഴിഞ്ഞദിവസം നടന്ന ആദ്യ ട്വന്റി20യില്‍ 13 റണ്ണിന്റെ ജയം കുറിച്ച ഓസ്‌ട്രേലിയ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0 ന്‌ ഉറപ്പിക്കുകയും ചെയ്‌തു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‌ നിശ്‌ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി 130 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി പറഞ്ഞ ഓസീസ്‌ ലക്ഷ്യം വെറും 14.5 ഓവറില്‍ മറികടക്കുകയും ചെയ്‌തു. ജോഷ്‌ ഹേസില്‍വുഡിന്റെ മാരക ബൗളിംഗാണ്‌ ഇംഗ്ലണ്ട്‌ ഇന്നിംഗ്‌സിനു കടിഞ്ഞാണിട്ടത്‌. നാലോവറില്‍ 30 റണ്‍ വഴങ്ങി നാലു വിക്കറ്റുകളാണ്‌ ഹെസില്‍വുഡ്‌ കീശയിലാക്കിയത്‌. ഓപ്പണര്‍മാരായ ഹെയ്‌ല്‍സിനും ലംബിനും അടക്കം മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ പോയതാണ്‌ ഇംഗ്ലണ്ടിനു വിനയായത്‌. 22 റണ്ണെടുത്ത്‌ ടോപ്‌ സ്‌കോററായ ജോസ്‌ ബട്‌ലറാണ്‌ ഇംഗ്ലണ്ട്‌ ഇംന്നിംഗ്‌സിന്‌ അല്‍പമെങ്കിലും മാന്യത പകര്‍ന്നത്‌. ബൊപാര (6)യ്‌ക്കും ഓസീസ്‌ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത്‌ ടിം ബ്രെസ്‌നനും ക്യാപ്‌റ്റന്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡും ചേര്‍ന്നു നടത്തിയ ചെറുത്തു നില്‍പാണ്‌ ഇംഗ്ലണ്ടിനെ 130-ല്‍ എത്താന്‍ സഹായിച്ചത്‌. താരതമ്യേനെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് ക്രെയ്‌ഗ് വൈറ്റും ആരണ്‍ ഫിഞ്ചും ചേര്‍ന്ന കൂട്ടുകെട്ട്‌ തകര്‍പ്പന്‍ തുടക്കമാണ്‌ സമ്മാനിച്ചത്‌. 5.1 ഓവറില്‍ 48 റണ്‍ കൂട്ടിച്ചേര്‍ത്ത സഖ്യത്തിന്റെ പ്രകടനത്തില്‍ ഫിഞ്ചിന്‌ വലിയ റോളുണ്ടായിരുന്നില്ല. പത്തുറണ്ണെടുത്ത ഫിഞ്ചിനെ എല്‍.ബിയില്‍ കുരുക്കി ബ്രെസ്‌നന്‍ ഇംഗ്ലണ്ടിന്‌ ആദ്യ ബ്രേക്‌ത്രൂ നല്‍കി. ടീം സ്‌കോര്‍ 53-ല്‍ നില്‍ക്കെ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ട്രെഡ്‌വെല്‍ മടക്കി പ്രതീക്ഷപകര്‍ന്നു. എന്നാല്‍ വൈറ്റിനു കൂട്ടായെത്തിയ ക്യാപ്‌റ്റന്‍ ജോര്‍ജ്‌ ബെയ്‌ലി കൊടുങ്കാറ്റായതോടെ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ നിരായുധരായി. 28 പന്തില്‍ ഏഴുഫോറും മൂന്നു സിക്‌സും അടക്കം 60 റണ്‍ വാരിയ ബെയ്‌ലിയും 45 പന്തില്‍ 58 റണ്ണെടുത്ത്‌ വൈറ്റും ഇംഗ്ലണ്ട്‌ ബൗളര്‍മാരെ നാണംകെടുത്തി മത്സരം ഓസ്‌ട്രേലിയയ്‌ക്ക് അനുകൂലമാക്കി. അവസാന മത്സരം ഈമാസം രണ്ടിന്‌ സിഡ്‌നിയില്‍ നടക്കും.