സംസ്ഥാനത്ത് റോഡുകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്.

single-img
29 January 2014

ibസംസ്ഥാനത്ത് കൂടുതല്‍ റോഡുകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. തുടക്കമെന്ന നിലയില്‍ ഓരോ ജില്ലയിലും അഞ്ചു കി.മീ. റോഡെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ച് ടാര്‍ ചെയ്യുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.തിരുവനന്തപുരത്തെ എസ്.എസ്. കോവില്‍ റോഡും വയനാട്ടിലെ കൈതയ്ക്കല്‍ റോഡും കാസര്‍കോട്ടെ ബന്തടുക്ക-വിട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡും പ്ലാസ്റ്റിക് ഉപയോഗിച്ച് ടാര്‍ ചെയ്തതായി മന്ത്രി പറഞ്ഞു. ദേശീയപാത വികസിപ്പിക്കുമ്പോള്‍ 45 മീറ്റര്‍ വീതി എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയപാത വികസനപദ്ധതി പ്രകാരം ബി.ഒ.ടി വ്യവസ്ഥയില്‍ 60 മീറ്ററാണ് റോഡ് വീതി. കേരളത്തില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 45 മീറ്ററാക്കി നിജപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.വാളയാര്‍-വടക്കാഞ്ചേരി നാലുവരിപ്പാത 25 ശതമാനം പൂര്‍ത്തിയാക്കി. 2015 നവംബറില്‍ ഇത് പൂര്‍ത്തിയാക്കും. വടക്കാഞ്ചേരി-തൃശ്ശൂര്‍ ഭാഗം 30 മാസംകൊണ്ട് പൂര്‍ത്തിയാക്കും. കോഴിക്കോട്-പാലക്കാട് ദേശീയപാത-966 എന്‍.എച്ച്.ഡി.പി പദ്ധതിയില്‍ നിന്ന് കേരളം തിരിച്ചെടുത്ത് സ്വന്തം നിലയില്‍ വികസിപ്പിക്കും. പാലിയേക്കര ടോള്‍ബൂത്തിലെ സൗജന്യപാസ് നല്‍കുന്നതിനുള്ള കേന്ദ്രം പാലക്കാട്ടേക്ക് മാറ്റിയ സര്‍ക്കുലര്‍ പിന്‍വലിക്കും. ടോള്‍ ബൂത്തിന് 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ബൂത്തില്‍ നിന്നുതന്നെ പാസ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു .