പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം കോടതി തടഞ്ഞു

single-img
11 January 2014

chid-marriageപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു. നല്ലളം സ്വദേശിയായ അബ്ദുര്‍ റഹ്്മാന്റെ മകളുടെ വിവാഹമാണ് കോടതി തടഞ്ഞത്. പതിനഞ്ചുകാരിയായ മകളെ അരീക്കാട് സ്വദേശിയായ 21കാരന് വിവാഹം ചെയ്തു നല്‍കാനായിരുന്നു തീരുമാനം. ഞായറാഴ്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

നല്ലളത്തെ ഫാമിലി പാലസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 1998 ജൂണ്‍ 27 ആണ് ജനനതീയതിയെന്നും കാണിച്ച് ചൈല്‍ഡ് മാര്യേജ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം സാമൂഹിക നീതി വകുപ്പ് നല്ലളം പോലീസില്‍ പരാതി നല്‍കി. ഇതുസംബന്ധിച്ച് നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട അഞ്ചാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.രാജേഷ് വിവാഹം തടഞ്ഞു. ഇതിനിടയില്‍ മകളെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞതിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ജില്ലാ കളക്ടര്‍, സാമൂഹിക നീതി വകുപ്പ്, നല്ലളം എസ്‌ഐ എന്നിവരെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയും മുന്‍സിഫ് ഫിലിപ്പ് തോമസും തള്ളി.