ശരദ് യാദവുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തി

single-img
15 June 2013

sitaram-yechury5451സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ജെഡി-യു പ്രസിഡന്റ് ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി. 30 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുനേതാക്കളും തയാറായില്ല. എന്നാല്‍, ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെ ഇടതുപാര്‍ട്ടികള്‍ സ്വാഗതം ചെയ്യുമെന്നു സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ ജൂലൈ ഒന്നിന് രാഷ്ട്രീയ കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ബദല്‍ നയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യും. മൂന്നാം മുന്നണിയില്‍ ഇടതുമുന്നണി ചേരുന്നതു നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍, ശരദ് യാദവുമായുള്ള കൂടിക്കാഴ്ചയില്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ല: യെച്ചൂരി പറഞ്ഞു. യെച്ചൂരിയുമായി നടന്നത് സൗഹൃദചര്‍ച്ചയാണെന്നും ഞങ്ങള്‍ ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും ശരദ് യാദവ് പറഞ്ഞു. മൂന്നാംമുന്നണിക്ക് ഇടതുകക്ഷികള്‍ ശ്രമിക്കില്ലെന്നും തെരഞ്ഞെടുപ്പു ധാരണ മാത്രമാണുണ്ടാകുകയെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2004ല്‍ 44 എംപിമാരുണ്ടായിരുന്ന സിപിഎം 2009ല്‍ 16 ലേക്കു ചുരുങ്ങിയിരുന്നു. ഇക്കുറി പരമാവധി സീറ്റ് നേടാനാണു സിപിഎം ശ്രമം.