രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

single-img
5 June 2013

ചാമ്പ്യന്‍സ് ട്രോഫിയുടെ മുന്നൊരുക്കമായി നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ തൂത്തുവാരി. ഇന്ത്യ 243 റണ്‍സിന്റെ തകര്‍പ്പന്‍ സ്വന്തമാക്കിയപ്പോള്‍ വെറും 65 റണ്‍സിനും എല്ലാവരും പുറത്തായ നാണക്കേടാണ് ആസ്‌ത്രേലിയ്ക്ക് ലഭിച്ചത്. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ 6 ന് 308, ആസ്‌ത്രേലിയ 23.3 ഓവറില്‍ 65 റണ്‍സിന് ഓള്‍ഔട്ട്

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനെ പരിഹസിച്ചു കൊണ്ട് അവിശ്വസനീയമാം വിധത്തില്‍ മുന്‍നിര തകര്‍ന്നടിയുന്ന കാഴ്ചയോടെയായിരുന്നു തുടക്കം. 16.1 ഓവര്‍ പിന്നിടുമ്പോള്‍ 55 റണ്‍സിനു 5 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേയ്ക്കു പതിക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടുന്നങ്ങോട്ട് ഇന്ത്യയുടെ വിശ്വസ്ഥ വിക്കറ്റ് കീപ്പര്‍മാരായ ദിനേശ് കാര്‍ത്തിക്കും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ടീമിനെ ചുമലിലേറ്റി. 211 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയത്. ദിനേശ് കാര്‍ത്തിക് തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ഹിച്ച സെഞ്ച്വറഇ 9 റണ്‍സ് അകലെ ധോണിയ്ക്ക് നഷ്ടമായി. 140 പന്തില്‍ 146 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 77 പന്തില്‍ നിന്നാണ് ധോണി 91 റണ്‍സിലെത്തിയത്. ദിനേശ് കാര്‍ത്തികിന്റെ ഇന്നിങ്ങ്‌സില്‍ 17 ഫോറും ഒരു സിക്‌സും പിറന്നപ്പോള്‍ 6 ഫോറും 4 സിക്‌സുമാണ് ക്യാപ്റ്റന്‍ നേടിയത്. ഒരു ഘട്ടത്തില്‍ നൂറു കടക്കില്ലെന്നു കരുതിയ ഇന്ത്യന്‍ സ്‌കോര്‍ 300 നു മുകളിലേയ്ക്കു കുതിക്കുമെന്ന് ഉറപ്പാക്കിയിട്ടാണ് കാര്‍ത്തിക് -ധോണി ജോഡി പിരിഞ്ഞത്.
മറുപടി ബാറ്റിങ്ങില്‍ പരിതാപകരമായിരുന്നു ആസ്‌ത്രേലിയന്‍ ടീമിന്റെ അവസ്ഥ. യുവ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനു മുന്നില്‍ ഓസീസ് താരങ്ങള്‍ പ്രതിരോധിക്കാതെ മുട്ടുമടക്കി. അഞ്ച് ഓവറില്‍ 18 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളാണ് ഉമേഷ് കൊയ്തത്. ഇശാന്ത് ശര്‍മ്മയും ആക്രമണം ഏറ്റെടുത്തതോടെ ഓസീസ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അഞ്ച് ഓവറില്‍ വെറും 11 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇശാന്തും ആസ്‌ത്രേലിയയെ വരിഞ്ഞുമുറുക്കി. ഫിലിപ്പ് ഹ്യൂഗ്‌സും(14) ആദം വോഗ്‌സും(23) മാത്രമാണ് ആസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നത്.