സനാവുള്ള മരിച്ചു

single-img
9 May 2013

ജമ്മു കാശ്മീര്‍ ജയിലില്‍ സഹ തടവുകാരന്റെ മര്‍ദ്ദനത്തിനിരയായി ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്ന പാകിസല്ഥാന്‍ പൗരന്‍ സനാവുള്ള രഞ്ജായി മരണമടഞ്ഞു. ചണ്ഡീരഗിലെ പിജിഐ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന സനാവുള്ള വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം പാകിസ്ഥാന് വിട്ടു നല്‍കി. സനാവുള്ളയുടെ മരണത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ നിരസിച്ചു.

മെയ് മൂന്നിന് ജമ്മു കാശ്മീരിലെ കോട്ട് ഭഗ്വല്‍ ജയിലില്‍ വിനോദ് കുമാര്‍ എന്ന തടവുകാരന്‍ ആണ് സനാവുള്ളയെ പികാക്‌സ് കൊണ്ട് ആക്രമിച്ചത്. തലയ്ക്ക് മാരകമായി പരുക്കേറ്റ സനാവുള്ള അന്നു മുതല്‍ കോമയിലായിരുന്നു. ബുധനാഴ്ച വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് നല്‍കിവരുകയായിരുന്നു.

പാകിസ്ഥാന്‍ ജയിലില്‍ ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങ് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് മരണമടഞ്ഞതിന്റെ അടുത്ത ദിവസമാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ 19 വര്‍ഷമായി ജമ്മുകാശ്മീരില്‍ ജയിലില്‍ കഴിയുകയാണ് പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ സനാവുള്ള രഞ്ജായി. 1994 ജൂലായ് 16 ന് ജമ്മുവിലെ സത്‌വാരിചൗക്കിലും നവംബര്‍ 20 ന് നഗോര്‍ത്ത നഗരത്തിലും നിരവധി പേരുടെ ജീവനെടുത്ത സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചയാളാണ്.