സരബ്ജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

single-img
3 May 2013

sarabjeet Singhപാക്കിസ്ഥാനിലെ കോട് ലാഖ്പത് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ മരിച്ച സരബ്ജിത് സിംഗിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സരബ്ജിതിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് സ്വദേശമായ ബിഖിവിന്ദില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പ്രിനീത് കൗര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍, പട്യാല എംപി തുടങ്ങി നിരവധി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സംസ്‌കാരത്തില്‍ പങ്കെടുത്തു.

സരബ്ജിത്തിന്റെ മരണത്തില്‍ അനുശോചിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സരബ്ജിത്തിന്റെ കുടുംബത്തിന് എല്ലാ സാമ്പത്തിക സഹായം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സരബ്ജിത്തിനോടുള്ള ആദര സൂചകമായി സ്ഥലത്തെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. സംസ്‌കാര സമയത്ത് ആളുകള്‍ പാക്കിസ്ഥാനെതിരേ മുദ്രാവാക്യം മുഴക്കി. വലിയ പോലീസ് സംഘവും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.