വീര താണ്ഡവത്തില്‍ ഡെവിള്‍സിനു ആദ്യ ജയം

single-img
22 April 2013

വീരേന്ദര്‍ സെവാഗിനെ ആര്‍ക്കും എഴുതിത്തള്ളാനാകില്ല. എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും എപ്പോള്‍, എവിടെ വച്ച് വീരുവിന്റെ ബാറ്റ് തീതുപ്പും എന്നത് ഇപ്പോഴും പ്രവചനാതീതം. ഇക്കാര്യം ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ഒന്നിനു പുറകേ ഒന്നായി ആറു പരാജയങ്ങള്‍ ഏറ്റു വാങ്ങി ഐപിഎല്ലിന്റെ ആറാം സീസണില്‍ നാണക്കേടിന്റെ പടുകുഴിയിലേയ്ക്ക് വീണു കിടന്ന സ്വന്തം ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് അതേ അപ്രവചനീയത കൊണ്ട് വിജയസ്മിതം സമ്മാനിച്ചിരിക്കുകയാണ് വീരു. മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ ഒന്‍പതു വിക്കറ്റിനു ഡെവിള്‍സ് ജയം നേടിയപ്പോള്‍ വിരേന്ദര്‍ സെവാഗ് എന്ന പേരു മാത്രമാണ് എങ്ങും മുഴങ്ങിയത്. വെറും 54 പന്തില്‍ 95 റണ്‍സ് അടിച്ചെടുത്ത വീരുവിന്റെ പ്രഭയില്‍ മറ്റെല്ലാം നിഷ്പ്രഭമായി. തന്റെ ഇന്നിങ്ങ്‌സില്‍ 13 ഫോറുകളും 2 സിക്‌സും പറത്തിയ സെവാഗ് ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന തിരിച്ചുവരവ് ഗംഭീരമാക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെയും(54) രോഹിത് ശര്‍മയുടെയും(73) ബാറ്റിങ്ങ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. എന്നാല്‍ ഫോമിലെത്തിയ വീരുവിനു മുന്നില്‍ ഈസ്‌കോര്‍ അക്ഷരാര്‍ത്ഥത്തില്‍ നിസാരമായി. സെവാഗിന്റെ ബാറ്റിങ്ങ് കണ്ട് ഡെവിള്‍സ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും മികവിലേക്കുയര്‍ന്നതോടെ മുന്നോവര്‍ ബാക്കി നില്‍ക്കെ ഡല്‍ഹി ടീം വിജയലക്ഷ്യം മറികടന്നു. 43 പന്തില്‍ നിന്ന് 59 റണ്‍സ് എടുത്ത് മഹേല പുറത്താകുമ്പോള്‍ ടീം വിജയതീരത്തെത്തിയിരുന്നു. സീസണില്‍ ഡല്‍ഹി ടീം നേടുന്ന ആദ്യ നൂറു റണ്‍സ് (151) കൂട്ടുകെട്ടാണ് ഓപ്പണിങ്ങ് വിക്കറ്റില്‍ സെവാഗും ജയവര്‍ധനയും ചേര്‍ന്ന് നേടിയത്. വിരേന്ദര്‍ സെവാഗിന് അര്‍ഹിച്ച സെഞ്ച്വറി തികയ്ക്കാനാകാതെ മത്സരം പൂര്‍ത്തിയായത് മാത്രമാണ് അവസാനം ഡല്‍ഹിയ്ക്ക് നിരാശയായത്.