ഗണേഷ്- യാമിനി തര്‍ക്കം ഒത്തുതീര്‍ക്കാന്‍ നീക്കം

single-img
6 April 2013

yaminiമുന്‍മന്ത്രി കെ. ബി. ഗണേഷ്‌കുമാറും ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ ഒത്തുതീര്‍ക്കാന്‍ ഇന്നലെ നടത്തിയ സമവായ ശ്രമം ഫലവത്തായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് എം.ബി. സ്‌നേഹലതയുടെ ചേംബറില്‍ ഇരുവരുമായി നടത്തിയ മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചയ്ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. വൈകുന്നേരം ആറു മണിയോടെ കോടതി കേസ് ഈമാസം 12 ലേക്കു മാറ്റി. അന്ന് ഇരുവരും നിലപാട് അറിയിക്കണം. അതുവരെ ഇരുവരും മാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നു ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.

യാമിനിക്കും കുട്ടികള്‍ക്കും ഗണേഷ് നല്‍കേണ്ട ജീവനാംശത്തെച്ചൊല്ലിയുള്ള തര്‍ക്കവും തനിക്ക് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തിയതിനു ഗണേഷ് മാപ്പുപറയണമെന്നു യാമിനി ആവശ്യപ്പെട്ടതുമാണ് ഇന്നലെ നടന്ന ചര്‍ച്ചകള്‍ വിജയത്തിലെത്താതിരിക്കാന്‍ കാരണമായത്. പ്രതിമാസം രണ്ടു ലക്ഷം രൂപയാണു ജീവനാംശമായി യാമിനി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിമാസ ജീവനാംശ കാര്യത്തിലും ഗണേഷ് മാപ്പുപറയണമെന്ന യാമിനിയുടെ ആവശ്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹാരമാവാതെ വന്നതിനെത്തുടര്‍ന്നാണു കേസ് വെള്ളിയാഴ്ചത്തേക്കു കോടതി മാറ്റിയത്.