ഗോള്‍ഡന്‍ കേല അവാര്‍ഡ് 2012 : അജയ്, സൊനാക്ഷി മോശം അഭിനേതാക്കള്‍

single-img
1 April 2013

ബോളിവുഡിലെ മോശം സിനിമകള്‍ക്കു നല്‍കുന്ന ഗോള്‍ഡന്‍ കേല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ 2012 ലെ സിനിമകള്‍ക്കുള്ള ഗോള്‍ഡന്‍ കേല പുരസ്‌കാരങ്ങളില്‍ മോശം അഭിനയത്തിനുള്ള അവാര്‍ഡ് ‘സണ്‍ ഓഫ് സര്‍ദാര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൊനാക്ഷി സിന്‍ഹയും അര്‍ഹരായി. ജോക്കര്‍ എന്ന ചിത്രം മോശം സിനിമയായപ്പോള്‍ അതിന്റെ സംവിധായകന്‍ ഷിരിശ് കുന്ദര്‍ മോശം സംവിധായക പട്ടം സ്വന്തമാക്കി. ഷിരിശ് കുന്ദറിനെ ചെകിട്ടത്തടിച്ച ഷാരൂഖ് ഖാന് പ്രത്യേക പുരസ്‌കാരമെന്ന നിലയില്‍ ‘സൂപ്പര്‍ഹിറ്റ് 2012’ പുരസ്‌കാരമാണ് നല്‍കുന്നത്. ഷിരിശ് കുന്ദറിന് ‘ മകനെ, നിന്നെ കൊണ്ട് പറ്റുന്നതല്ല’ പുരസ്‌കാരവും ഗോള്‍ഡന്‍ കേല നല്കുന്നുണ്ട്. ഒന്നിനു പുറകെ ഒന്നെന്ന നിലയില്‍ സിനിമകള്‍ക്ക് തുടര്‍ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കുമുണ്ട് അവാര്‍ഡ്. ഈ വിഭാഗത്തില്‍ 2012 ല്‍ ഇറങ്ങിയ ഏറ്റവും മോശം സീക്വല്‍ പുരസ്‌കാരം സല്‍മാന്‍ ഖാന്റെ ദബങ് 2 നേടി. സീക്വല്‍ ഇറക്കുന്നതില്‍ അഗ്രഗണ്യരായ ഭട്ട് സഹോദരന്‍മാര്‍ക്ക് ‘സഹിക്കാന്‍ കഴിയാത്ത സീക്വല്‍സ് ‘ എന്ന പദവിയാണ് നല്‍കിയത്.

മോശം ചിത്രങ്ങളെ മാത്രമല്ല ഗോള്‍ഡന്‍ കേല വേദിയില്‍ ആദരിക്കുന്നത്. 2012 ലെ മികച്ച ചിത്രങ്ങള്‍ക്കുള്ള ‘ആന്റി – കേല’ പുരസ്‌കാരം പാന്‍ സിങ് തോമര്‍, കഹാനി, വിക്കി ഡോണര്‍, ഗ്യാഗ്‌സ് ഓഫ് വാസപയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ചു.
ദാരുണമായ വരികളുള്ള പാട്ടിന്റെ പുരസ്‌കാരം സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലെ ഇഷ്‌ക് വാലാ ലൗ എന്ന ഗാനമെഴുതിയ അന്വിത ദത്ത് അര്‍ഹയായി. ഈ അവാര്‍ഡ് വാങ്ങാന്‍ അന്വിത എത്തിയിരുന്നു. അഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍ ഗോള്‍ഡന്‍ കേല പുരസ്‌കാരം നേരിട്ട് വാങ്ങിയ വ്യക്തിയാണ് അന്വിത. അലോസരപ്പെടുത്തുന്ന പാട്ടിനുള്ള അവാര്‍ഡ് റൗഡി റാത്തോറിലെ ‘ ചിന്റാ റ്റാ ചിത്ത ചിത്ത ‘ യ്ക്കു ലഭിച്ചു. ‘നിങ്ങള്‍ വീണ്ടും വീണ്ടും എന്തിനാണ് ശ്രമിക്കുന്നത് ‘ അവാര്‍ഡ് നടന്‍ ജാക്കി ഭഗ്നാനിയ്ക്ക് ലഭിച്ചു. മോശം സിനിമകള്‍ കാണാന്‍ പോകുന്ന ആരാധകര്‍ക്കും അവാര്‍ഡ് ഉണ്ട്, ‘നിങ്ങള്‍ക്ക് വട്ടായോ’. അന്തരിച്ച പ്രശസ്ത കൊമേഡിയന്‍ ജസ്പാല്‍ ഭട്ടിയെ അവാര്‍ഡ് വിതരണ ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, ജസ്പാല്‍ ഭട്ടിയ്ക്ക് മാത്രമാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ കേല പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
ഹോളിവുഡിലെ മോശം ചിത്രങ്ങള്‍ക്കു നല്‍കുന്ന ഗോള്‍ഡന്‍ റാസ്ബറി അവാര്‍ഡിനെ മാതൃകയാക്കിയാണ് മോശം ബോളിവുഡ് ചിത്രങ്ങള്‍ക്കായി 2009 ല്‍ ഗോള്‍ഡന്‍ കേല പുരസ്‌കാരം ആരംഭിച്ചത്. ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.