ഖനിയില്‍ മണ്ണിടിച്ചില്‍ ; 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

single-img
30 March 2013

ടിബറ്റില്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാസയിലെ മൈഷോകുഗര്‍ ഖനിയില്‍ പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു 83 പേരും. ഇവരില്‍ രണ്ടു പേര്‍ ടിബറ്റന്‍ സ്വദേശികളും ബാക്കിയുള്ളവര്‍ ഹാന്‍ ചൈനീസ് വിധാഗത്തില്‍ പെട്ടവരുമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവരില്‍ ആരും തന്നെ രക്ഷപ്പെടാന്‍ ഇടയില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.6 മില്യണ്‍ ക്യുബിക് അടി മണ്ണും പാറയുമാണ് 1.5 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഇടിഞ്ഞ് വീണത്. രണ്ടായിരത്തിലധികം പേരാണ് അപകടത്തില്‍ പെട്ടവരെ കണ്ടെത്താനുളള രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുല്‍പ്പാദിപ്പിക്കുന്ന ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷനു വേണ്ടിയാണ് അപകടം നടന്ന ഖനി പ്രവര്‍ത്തിക്കുന്നത്.

രക്ഷാപ്രവര്‍ത്തനശ്രമങ്ങളില്‍ യാതൊരു കുറവും വരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. ഖനിയപകടം ടിബറ്റന്‍ മേഖലയ്ക്ക് മേലുള്ള ചൈനീസ് ആധിപത്യത്തിന് രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വരും.