കൃഷ്ണമൃഗ വേട്ട : നാലു ബോളിവുഡ് താരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തി

single-img
23 March 2013

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ നാലു ബോളിവുഡ് താരങ്ങള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബഞ്ചാണ് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബാന്ദ്രെ, നീലം കോത്താരി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. കേസില്‍ ഉള്‍പ്പെട്ട സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കുറ്റം ചുമത്തിയിട്ടില്ല.

1998 ല്‍ ഹം സാത് സാത് ഹെ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണവേളയില്‍ ജോധ്പൂരിനടുത്ത് കങ്കാണി വില്ലേജില്‍ രണ്ടു മാനിനെ വേട്ടയാടികൊന്നുവെന്നതാണ് കേസ്. വന്യമൃഗ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9/51, 9/52, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 149എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്ക് ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
ചികിത്സാര്‍ഥം അമേരിക്കയില്‍ ആയതിനാലാണ് സല്‍മാന്‍ ഖആന്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. സല്‍മാനെതിരെ പിന്നീട് കുറ്റം ചുമത്തും. കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോടതി സല്‍മാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.