കുഞ്ഞന്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുമായി കാനന്‍

single-img
22 March 2013

ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിപ്പം കുറഞ്ഞ ഡിഎസ്എല്‍ആര്‍ ക്യാമറ ജാപ്പനീസ് കമ്പനിയായ കാനന്‍ അവതരിപ്പിച്ചു. 4.6′(w) x 3.57′(h) x 2.74′(d) വലിപ്പത്തിലെത്തുന്ന പുതിയ ക്യാമറയുടെ ഭാരം 407 ഗ്രാം മാത്രമേയുള്ളു. EOS റിബല്‍ SL-1 എന്ന പേരിട്ടിരിക്കുന്ന കുഞ്ഞന്‍ ക്യാമറയില്‍ 18 മെഗാപിക്‌സല്‍ CMOS (APS-C) സെന്‍സറും DIGIC 5 ഇമേജ് പ്രോസസറുമാണ് ഉള്ളത്.

ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ ലോകത്ത് പുതിയ യുഗപ്പിറവിയ്ക്കാണ് റിബല്‍ SL-1 തുടക്കം കുറിക്കുന്നതെന്ന് പുതിയ ഉത്പന്നത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട് യുഎസില്‍ കാനന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ യൂഷി ഇഷിസുക പറഞ്ഞു. അള്‍ട്രാ പോര്‍ട്ടബിളും ഒരു ഡിഎസ്എല്‍ആര്‍ ക്യാമറയുടെ എല്ലാ പ്രത്യേകതകളും ഒത്തു ചേര്‍ന്നതാണ് റിബല്‍ SL1.

ടച്ച് സ്‌ക്രീന്‍ പ്രത്യേകതയുള്ള മൂന്ന് ഇഞ്ച് എല്‍സിഡി മോണിറ്ററാണ് പുതിയ ക്യാമറയ്ക്കുള്ളത്. ചിത്രങ്ങള്‍ മികച്ചതാക്കുന്നതിനായി നൂതനമായ നിരവധി ഫീച്ചറുകള്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്യാമറയില്‍ തന്നെ ചിത്രങ്ങള്‍ ക്രോപ് ചെയ്യാനുള്ള എഡിറ്റിങ് സൗകര്യവും ലഭിക്കും. ഇങ്ങനെ എഡിറ്റ് ചെയ്യുന്ന യാഥാര്‍ഥ ചിത്രവും എഡിറ്റിങിനു ശേഷം ലഭിക്കുന്ന ചിത്രവും വെവ്വേറെ ക്യാമറയില്‍
തന്നെ സൂക്ഷിക്കാം.
ഏപ്രില്‍ മാസത്തിലാണ് അമേരിക്കന്‍ വിപണിയില്‍ കുഞ്ഞന്‍ റിബല്‍ SL1 എത്തുന്നത്. ക്യാമറയുടെ ബോഡിയ്ക്കു മാത്രം 649.99 ഡോളര്‍ ആണ് അമേരിക്കന്‍ വിപണിയിലെ വില. EF-s 18-55mm f/3.5 – 5.6 IS STM ലെന്‍സ് അടങ്ങിയ കിറ്റ് കൂടി ചേര്‍ത്ത് 799.99 ഡോളറിനു ക്യാമറ ലഭിക്കും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ കുഞ്ഞന്‍ ക്യാമറ എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.