മലാല വീണ്ടും സ്‌കൂളിലേയ്ക്ക്

single-img
21 March 2013

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ഭീകരരുടെ വെടിയുണ്ടകളെ നേരിടേണ്ടി വന്ന മലാല യൂസഫ്‌സായി പഠനവഴിയിലേയ്ക്ക് തിരിച്ചെത്തി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമെന്നാണ് മലാല സ്‌കൂളിലേയ്ക്കുള്ള പുതിയ യാത്രയെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെ ബര്‍മിങ്ഹാമിലുള്ള എഡ്ജ്ബാസ്റ്റണ്‍ ഗേള്‍സ് സ്‌കൂളിലാണ് പതിനഞ്ചുകാരിയായ മലാല സ്‌കൂള്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുറക്കുന്നത്. രാവിലെ പിങ്ക് നിറത്തിലുള്ള ബാഗുമായി പിതാവിനൊപ്പമാണ് അവള്‍ സ്‌കൂളിലേയ്ക്ക് പോയത്. വീണ്ടും സ്‌കൂളില്‍ പോകാനുള്ള സ്വപ്‌നം സഫലമായതിന്റെ ആഹ്ലാദത്തിനിടയിലും പാകിസ്ഥാനിലെ സഹപാഠികളെ കാണാന്‍ കഴിയാത്തതില്‍ ദുഖിതയാണ് കുഞ്ഞു മലാല. ലോകത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മലാല പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാകിസ്ഥാനില്‍ വച്ച് സ്‌കൂള്‍ ബസ്സ് തടഞ്ഞു നിര്‍ത്തി താലിബാന്‍ ഭീകരര്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു. ലോകം മുഴുവന്‍ മലാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച ദിവസങ്ങളായിരുന്നു അത്. ഫെബ്രുവരിയില്‍ ആശുപത്രി വിട്ട മലാല കുടുംബവുമൊന്നിച്ച് ബ്രിട്ടനില്‍ തന്നെ കഴിയുകയാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ മലാലയുടെ പേര് പരിഗണിക്കുന്നുണ്ട്.