ഫുട്‌ബോളര്‍മാരില്‍ അതിസമ്പന്നന്‍ ബെക്കാം

single-img
12 March 2013

അന്താരാഷ്ട്ര ഫുട്‌ബോളിന്റെ തിളക്കത്തില്‍ നിന്നും പടിയിറങ്ങിയിരിക്കാം. പണം വാരുന്ന ലോകത്തെ ഒന്നാം നിര ക്ലബ്ബുകളുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍ ഇതൊന്നും ഡേവിഡ് ബെക്കാം എന്ന സൂപ്പര്‍ താരത്തെ ബാധിക്കില്ല. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകിയെത്തുന്നത് ബെക്കാമിന്റെ അക്കൗണ്ടിലേയ്ക്കു തന്നെയാണ്. പ്രമുഖ വെബ്‌സൈറ്റായ ഗോള്‍.കോമിന്റെ 2013ലെ ഫുട്‌ബോള്‍ സമ്പന്നരുടെ ലിസ്റ്റിലാണ് ബെക്കാം ഒന്നാമതെത്തിയിരിക്കുന്നത്. 175 മില്യണ്‍ പൗണ്ട് ആണ് ഡേവിഡ് ബെക്കാമിന്റെ സ്വന്തമായുള്ളത്. അദേഹത്തിനു പുറകിലായി രണ്ടാമതെത്തിയ അര്‍ജന്റീനയുടെ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ സമ്പാദ്യം 115.5 മില്യണ്‍ പൗണ്ടാണ്. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന്റെ ക്രിസ്‌ററ്യാനോ റൊണാള്‍ഡോയ്ക്ക് 112 മില്യണ്‍ പൗണ്ടിന്റെ സമ്പാദ്യമാണുള്ളത്. റയലിന്റെ തന്നെ കക്ക 66.5 മില്യണ്‍ പൗണ്ടുമായി നാലാമതും അത്‌ലറ്റികോ മിനേറോയുടെ താരമായ റൊണാള്‍ഡീഞ്യോ 63 മില്യണ്‍ പൗണ്ട് സമ്പാദ്യവുമായി അഞ്ചാം സ്ഥാനത്താണ്.

കളിക്കാര്‍ക്ക് ക്ലബ്ബുകള്‍ നല്‍കുന്ന പ്രതിഫലം, പരസ്യ വരുമാനം, ബിസിനസിലൂടെയുള്ള സമ്പാദ്യം, മറ്റു ആസ്തികള്‍ എന്നിവ കണക്കാക്കിയാണ് ഗോള്‍.കോം സമ്പന്നരായ താരങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കരിയറിന്റെ അന്തിമ പാദത്തിലാണെങ്കിലും ഡേവിഡ് ബെക്കാമിന്റെ മൂല്യത്തിനു കോട്ടമൊന്നും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ക്ലബ്ബായ പാരീസ് സെന്റ് ജര്‍മ്മനില്‍ നിന്നും ഒരു പൗണ്ട് പോലും പ്രതിഫലമായി ബെക്കാമിനു ലഭിക്കുന്നില്ല എന്നത് തന്നെയാണ് അക്കാര്യത്തിനു വലിയ തെളിവ്. അദേഹത്തിന്റെ പ്രതിഫലമായും മറ്റും വകയിരുത്തുന്ന തുക കുട്ടികള്‍ക്കായുള്ള ഒരു പ്രാദേശിക ചാരിറ്റി സ്ഥാപനത്തിനാണ് നല്‍കുന്നത്. സ്വയം ഒരു ബ്രാന്‍ഡായി മാറുന്ന കായിക താരങ്ങളുടെ ഇടയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആണ് ഡേവിഡ് ബെക്കാം എന്നാണ് ഗോള്‍.കോമിന്റെ മാനേജിങ് എഡിറ്റര്‍ അമര്‍ സിങ് പ്രതികരിച്ചത്.