ടെലിവിഷന്‍ പരസ്യങ്ങള്‍ക്കു പ്രിയം ബോളിവുഡ് സുന്ദരികള്‍

single-img
7 March 2013

താരങ്ങളുടെ സ്വന്തമാണ് പരസ്യലോകം. സിനിമ , സ്‌പോര്‍ട്‌സ് താരങ്ങളുടെ കുത്തകയാണ് ഇന്ത്യന്‍ പരസ്യ വിപണി, പ്രത്യേകിച്ച് ടെലിവിഷന്‍. താരങ്ങളില്‍ ടെലിവിഷന്‍ പരസ്യങ്ങളെ ഏറ്റവും കൂടുതല്‍ കീഴടക്കിയിരിക്കുന്നത് ബോളിവൂഡ് സുന്ദരിമാരാണെന്ന് പുതിയ കണക്കുകള്‍. ടിവിയില്‍ 46% പരസ്യങ്ങളും ബോളിവുഡ് നായികമാരെയാണ് തങ്ങളുടെ ഉത്പന്നം മാര്‍ക്കറ്റ് ചെയ്യാന്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. 2011 ല്‍ 40% ആയിരുന്നു ഇത്.

സിനിമയില്‍ തങ്ങളെക്കാള്‍ അധികം മുന്‍ഗണന ലഭിക്കുന്ന നായകന്‍മാരെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് താരറാണിമാര്‍. 38% ടിവി പരസ്യലോകം മാത്രമേ ബോളിവുഡ് നായകന്‍മാര്‍ക്കുളളു. 2011ലും ഇതേ കണക്കായിരുന്നു. ടെലിവിഷന്‍ മെഷര്‍മെന്റ് ഏജന്‍സിയായ ടാം നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങളുള്ളത്.
പരസ്യങ്ങള്‍ക്കു പ്രിയപ്പെട്ടവരായ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് 2012 നല്ല വര്‍ഷമായിരുന്നില്ല. മൊത്തം ടെലിവിഷന്‍ പരസ്യങ്ങളില്‍ 10 ശതമാനത്തില്‍ മുഖം കാട്ടാനേ അവര്‍ക്കു സാധിച്ചുള്ളു. 2011 ല്‍ 18 ശതമാനമുണ്ടായിരുന്നതില്‍ നിന്നുള്ള ഇടിവ് സ്‌പോര്‍ട്‌സ് താരങ്ങളില്‍ പ്രധാനികളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മോശം പ്രകടനത്തെത്തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടെലിവിഷന്‍ നായിക -നായകന്‍മാര്‍ക്ക് ടിവി പരസ്യങ്ങളില്‍ തുല്യ സ്ഥാനമാണ് ലഭിക്കുന്നത്, 3%. 2011 ല്‍ 2% ആയിരുന്നു ഇവരുടെ പങ്കാളിത്തം.
താരങ്ങളില്‍ ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന്‍ ആണ് എറ്റവും കൂടുതല്‍ ടിവി പരസ്യങ്ങള്‍ക്കുമോഡലാകുന്നത്. എട്ടു ശതമാനം പരസ്യ സ്‌പെയ്‌സ് ആണ് ഷാരൂഖിനുള്ളത്. തൊട്ടു പിറകില്‍ കരീന കപൂര്‍ ആണ്. ടിവി പരസ്യലോകം വാഴുന്ന
ആദ്യ പത്തു സെലിബ്രിറ്റി താരങ്ങളില്‍ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, കജോള്‍, അനുഷ്‌ക ശര്‍മ എന്നിവരും ഉള്‍പ്പെടുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പ്രോക്ടര്‍ ആന്റ് ഗാംബിള്‍ എന്നീ രണ്ടു കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങളെ ടിവി പരസ്യലോകത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ബ്രൂക്ക് ബോന്‍ഡ് ലിപ്ടന്‍, ലൊറെയ്ല്‍ ഇന്ത്യ എന്നിവരും അധികം പുറകിലല്ല.