മാനഭംഗത്തിന് വധശിക്ഷയും ലൈംഗികശേഷി ഇല്ലാതാക്കുന്നതും പ്രാബല്യത്തില്‍ വരുത്തണം : ജയലളിത

single-img
1 January 2013

Jayalalithaചെന്നൈ : മാനഭംഗത്തിന് ശിക്ഷയായി രാസ വസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാതാക്കുന്നതും വധശിക്ഷയും കൊണ്ടുവരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ പുതുവത്സര സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഗൗരവമായ കുറ്റമായി കാണേണ്ടതാണ്. സീനിയര്‍ തലത്തിലുള്ള  പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വേണം അത്തരം കേസുകള്‍ അന്വേഷിക്കേണ്ടത്. എല്ലാ മാസവും ജില്ലാ പോലീസ് സൂപ്രണ്ടും റെയ്ഞ്ച് ഡിഐജിയും ഇത്തരം കേസുകള്‍ പരിഗണിക്കും. തീര്‍പ്പാകാതെ കിടക്കുന്ന കേസുകളില്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിച്ച് നീതി നടപ്പാക്കും ‘ ജയലളിത പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. സ്ത്രീകള്‍ക്ക് വേണ്ടി ഹെല്‍പ്പ് ലൈന്‍ ആരംഭിക്കും. പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും. സ്ത്രീകള്‍ കൂടുതല്‍ വരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസുകാരെ മഫ്തിയില്‍ നിയമിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൂടുതല്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കും.

രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണത്തിനായി ഉചിതമായ നടപടിയ്ക്കായി പ്രതിഷേധമിരമ്പുമ്പോള്‍ തമിഴ്‌നാടാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയ ആദ്യ സംസ്ഥാനം.