സാന്‍ഡി സംഹാര താണ്ഡവമാടി; മരണസംഖ്യ 43 ആയി

അമേരിക്കയെ ദുരിതത്തിലാഴ്ത്തി രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സാന്‍ഡി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഏറ്റവും ജനബഹുലമായ പ്രദേശത്തു രാത്രി മുഴുവന്‍ ആഞ്ഞടിച്ച സാന്‍ഡി ശേഷിപ്പിച്ചതു നാശത്തിന്റെ കാഴ്ചകള്‍ മാത്രം. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. കണക്റ്റിക്കട്ട്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, നോര്‍ത്ത് കരോളൈന, പെന്‍സില്‍വാനിയ, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, കാനഡ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ടു ചെയ്തത്. കാനഡയില്‍ ഒരു സ്ത്രീയാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 23 പേര് മരിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.