കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

single-img
29 August 2012

മുംബൈ ഭീകരാക്രമണക്കേസിൽ മുഹമ്മദ് അജ്മൽ അമിർ കസബിന് ലഭിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയെന്ന വലിയ കുറ്റമാണ് പാക്കിസ്ഥാൻ ഭീകരനായ കസബ് ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി വിധിച്ച വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവെച്ചതിനെ തുടർന്നാന്ന് കസബ് സമർപ്പിച്ച ഹർജിയിലാണ് പരമോന്നത കോടതിയുടെ വിധി. ജസ്റ്റിസ് അഫ്താബ് ആലം, സി. കെ. പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

കസബുൾപ്പെടുന്ന ഒൻപതംഗ ഭീകര സംഘം 2008 നവംബർ 26 ന് മുംബൈ നഗരത്തിൽ നടത്തിയ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. കസബ് ജീവനോടെ പിടിക്കപ്പെട്ടപ്പോൾ ബാക്കിയുള്ള ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. ദീർഘ നാളത്തെ വിചാരണയ്ക്ക് ശേഷം 2010 മെയ് 6 നാണ് പ്രത്യേക ഭീകര വിരുദ്ധ കോടതി കസബിന് വധശിക്ഷ വിധിച്ചത്.