ഐ പി എൽ : ചെന്നൈയ്ക്കും ബാംഗ്ലൂറിനും വിജയം

single-img
8 April 2012

ഹാട്രിക് കിരീടമെന്ന സ്വപ്നവുമായി എത്തിയിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ വീര്യത്തിനുമുന്നിൽ ഡെക്കാൻ ചാർജേഴ്സ് പറപറന്നു.ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങിയ ചെന്നൈ 74 റൺസിനാണ് ഡെക്കാനെ അവരുടെ തട്ടകത്തിൽ തകർത്ത് വിട്ടത്.ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ വിലകൂടിയ താരമായ രവീന്ദ്ര ജഡേജ ഓൾ റൌണ്ട് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ കൂടുതൽ പോരാട്ടം പുറത്തെടുക്കാനാതെ ഡക്കാൻ കീഴടങ്ങുകയായിരുന്നു.29 പന്തിൽ നിന്ന് 48 റൺസ് നേടിയ ജഡേജ നാൽ ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റും നേടി.ജഡേജയാണ് കളിയിലെ താരം.കൂടാതെ വിൻഡീസ് താരം ഡ്വയിൻ ബ്രാവോ(18 പന്തിൽ 43*) ഡുപ്ലെസിസ്(25 പന്തിൽ 39) എന്നിവരുടെ വെടിക്കെട്ടും നിശ്ചിത 20 ഓവറിൽ 193 റൺസ് ലക്ഷ്യമുയർത്താൻ ചെന്നൈയെ സഹായിച്ചു.മറുപടിയായി 17.1 ഓവറിൽ 119 റൺസെടുത്തപ്പോഴേയ്ക്കും മുഴുവൻ വിക്കറ്റുകളും ഡെക്കാന് നഷ്ടപ്പെട്ടു.ഡെക്കാനെതിരെ നേടിയ ഈ കൂറ്റൻ വിജയത്തോടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എം.എസ്.ധോണിയുടെ ടീം.

മറ്റൊരു മത്സരത്തിൽ ബാംഗ്ലൂർ രോയൽ ചലഞ്ചേഴ്സ് ഡൽഹി ഡെയർ ഡെവിൾസിനെ 20 റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എ ബി ഡിവില്ലിയേസ് 42 പന്തിൽ പുറത്താകാതെ നേടിയ 64 റൺസിന്റെ ബലത്തിൽ 157 റൺസിന്റെ വിജയലക്ഷ്യമാണ് ഡെൽഹിയ്ക്ക് നൽകിയത്.മറുപടിയായി ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ ഡൽഹിയ്ക്ക് കഴിഞ്ഞുള്ളു.മുത്തയ്യ മുരളീധരൻ മൂന്നു വിക്കറ്റുമായി ഡൽഹിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.26 പന്തിൽ 33 റൺസ് നേടിയ നമൻ ഓജയാണ് ഡെയർ ഡെവിൾസ് നിരയിലെ ടോപ്പ് സ്കോറർ.ഡിവില്ലിയേസ് ആണ് മാൻ ഓഫ് ദി മാച്ച്.