പകല്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കണമെന്നു ഹൈക്കോടതി

single-img
21 January 2012

സംസ്ഥാനത്തു പകല്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ നിരോധിക്കേണ്ടതാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമെങ്കിലും നിരോധനം നടപ്പാക്കാനാവുമോ എന്നു സംസ്ഥാന പോലീസ് മേധാവിയും അഭ്യന്തര വകുപ്പും അഭിപ്രായം 10 ദിവസത്തിനകം അറിയിക്കണമെന്നും ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് ബാബു മാത്യു ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ടിപ്പര്‍ ലോറികള്‍ കാരണം അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലും ഗതാഗത തടസത്തിന്റെ പശ്ചാത്തലത്തിലും കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ടിപ്പര്‍ ലോറികള്‍ പകല്‍ സമയത്ത് നിരോധിക്കണമെന്നും രാത്രി മാത്രം സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. റോഡുകളില്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിന് അധികാരമുണ്ട്. പക ല്‍സമയത്ത് ടിപ്പര്‍ ലോറികളുടെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ അപാകതയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

തൃശൂര്‍ പെരുമ്പിലാവിലെ മെറ്റല്‍ ക്രഷര്‍ കമ്പനിയായ കാനണ്‍ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണു കോടതിയുടെ നിരീക്ഷണം. തൃശൂരില്‍ ടിപ്പര്‍ ലോറികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവിനുള്ള അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.