കാര്‍ഷികമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തും: മന്ത്രി കെ.പി. മോഹനന്‍

single-img
20 January 2012

ചവറ: കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പൂര്‍ണമായും കാര്‍ഷിക മേഖലയ്ക്ക് ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി കെ.പി മോഹനന്‍. കൊല്ലം ജില്ലാ കര്‍ഷക സംഗമം ചവറ ഇടപ്പള്ളിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തൊഴിലുറപ്പ് പദ്ധതിയും ആധുനിക യന്ത്രസാമഗ്രികളുടെയും സഹായത്താല്‍ കര്‍ഷക തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കാനാവും. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളുടെ മനസിന്റെ പരിവര്‍ത്തനമാണ് അനിവാര്യമായിട്ടുള്ളത്. മണ്ണിനെയും കൃഷിയേയും അംഗീകരിക്കുന്ന തലത്തിലേക്ക് കേരള ജനതയുടെ മനസുണരണം. കുട്ടികളില്‍ അത്തരം ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധകൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

കരിക്കിന്‍വെള്ളം സംസ്‌കരിച്ച് പാക്കറ്റിലാക്കി വില്‍ക്കുന്ന നൂതന പദ്ധതി ഉടന്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. നാളികേര കര്‍ഷകര്‍ നേരിടുന്ന വിലയിടിവിനും മറ്റും ഇത് ഏറെ ആശ്വാസകരമായിരിക്കും.

മാലിന്യ സംസ്‌കരണവും കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കന്നുകാലി മാലിന്യത്തെ സംസ്‌കരിച്ച് ഇന്ധനമായും പിന്നീട് വളമായും കൃഷിക്ക് ഉപയോഗിക്കാം. കാര്‍ഷിക മേഖലയിലേക്ക് യുവതലമുറ കടന്നുവരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണെ്ടന്ന് മന്ത്രി പറഞ്ഞു.

എന്‍. പീതാംബര കുറുപ്പ് എംപി അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കളക്ടര്‍ പി.ജി തോമസ്, കൃഷിവകുപ്പ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാര്‍, സിഒ ഹേമലത, ആര്‍. ജയന്തി ദേവി, കോലത്ത് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാര്‍, വിഷ്ണുവിജയന്‍, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. യൂസഫ് കുഞ്ഞ്, തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈനാ സുമേഷ്, പി. രാജേന്ദ്ര പ്രസാദ്, കമറുദീന്‍ മുസ്‌ലിയാര്‍, പി. സദാനന്ദന്‍, ജെ. സുബൈര്‍, സൈമണ്‍ ഗ്രിഗറി, മാമ്പഴ ശ്രീകുമാര്‍, സേവ്യര്‍ കടകംപള്ളി, ചവറ നാരാണന്‍കുട്ടി, സി.കെ രാധാകൃഷ്ണന്‍, ജഗന്നാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.