ശബരിമലയില്‍ വന്‍തിരക്ക്; ഭക്തരെ പമ്പയില്‍ തടഞ്ഞു

single-img
17 January 2012

ശബരിമല: ശബരിമല ദര്‍ശനത്തിനായി ഇന്നലെയും തീര്‍ഥാടകരുടെനിലയ്ക്കാത്ത പ്രവാഹം. ഉദയാസ്തമനപൂജകള്‍, പടിപൂജ തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ഭാഗമാകാന്‍ കൂടിയാണ് അയ്യപ്പ ഭക്തര്‍ എത്തിയത്. കുട്ടികളോടൊപ്പം എത്തുന്നവരും ധാരളമാണ്.

ദര്‍ശനസമയം കുറച്ചതിനെത്തുടര്‍ന്ന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അയ്യപ്പഭക്തര്‍ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനായി വടക്കേനടയില്‍ കാത്തുനിന്ന ഭക്തരുടെ ക്യൂ പാണ്ടിത്താവളം കടന്നിരുന്നു. മകരവിളക്കിനുശേഷമുള്ള ദിവസങ്ങളില്‍ ക്രമാതീതമായാണ് തിരക്കുവര്‍ധിച്ചത്.

പോലീസും ആര്‍എഎഫും എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരും ആസൂത്രിതമായ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അയ്യപ്പസേവാസംഘത്തിലെ സേവനം സുസജ്ജമാണിവിടെ. തിരക്കിലും പുണ്യം പൂങ്കാവനപ്രവര്‍ത്തനങ്ങളും വിശുദ്ധിസേനാംഗങ്ങളുടെ ശുചീകരണപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നുവരുന്നു. കൂടാതെ ഔഷധജലവിതരണവും ലെയ് സണ്‍ ഓഫീസര്‍ പി. ബാ ലന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ബിസ്‌കറ്റ് വിതരണവും നടന്നത് ജനങ്ങള്‍ക്ക് ആശ്വാസമരുളുന്നു. പമ്പയിലും ഭക്തജനത്തിരക്ക് വര്‍ധിച്ചു.

സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം മുതല്‍ പമ്പയില്‍ ഭക്തരെ തടഞ്ഞ് ഘട്ടംഘട്ട മായാണ് കയറ്റിവിടുന്നത്. കെഎസ്ആര്‍ടിസിയുടെ 78 ബസുകളാണ് നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസുകളായി ഇപ്പോഴും ഓടുന്നുണ്ട്.

മുന്നൂറിലധികം ദീര്‍ഘദൂരസര്‍വീസുകളും ഇന്നലെ നടത്തി. ചെങ്ങന്നൂരിലേക്ക് നൂറിലധികം സര്‍വീസുകളുമുണ്ട്. തിങ്കളാഴ്ച മുതല്‍ 1500 ലധികം സ്വകാര്യവാഹനങ്ങളാണ് നിലയ്ക്കലില്‍ തമ്പടിച്ചരിക്കുന്നത് കൂടാതെ ഇന്നലെ ത്രിവേണി, ചക്കുപാലം ഹില്‍ടോപ്പ് എന്നിവിടങ്ങളില്‍ പാര്‍ക്കുചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.