ഗീലാനി രാജി വയ്ക്കില്ല

single-img
16 January 2012

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണത്തിന്റെ ഭാവി തുലാസില്‍. പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ അയോഗ്യനാക്കാന്‍ സുപ്രീംകോടതിനീക്കം ശക്തമായി. തങ്ങളുടെ ഉത്തരവുകള്‍ പാലിക്കാത്ത പ്രധാനമന്ത്രിക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കാനാണു നീക്കം. വ്യാഴാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഇന്നലെ ഗീലാനിക്കു നോട്ടീസയച്ചു.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കള്ളപ്പണക്കേസുകള്‍ അന്വേഷിച്ചു നടപടിയെടുക്കാനുള്ള കോടതിയുത്തരവുകള്‍ നിരന്തരമായി ലംഘിക്കുന്നു എന്നതാണു ഗീലാനിക്കെതിരായ ആക്ഷേപം. കോടതിയുടെ നോട്ടീസ് ലഭിച്ചയുടന്‍ ഗീലാനി രാജിസന്നദ്ധത പ്രസിഡന്റിനെയും ഭരണസഖ്യത്തിലെയും പ്രതിപക്ഷത്തെയും നേതാക്കളെയും അറിയിച്ചു. എന്നാല്‍, തത്കാലം രാജിവയ്‌ക്കേണ്ട,വ്യാഴാഴ്ച കോടതിയില്‍ ഹാജരാകുക എന്നതാണു കക്ഷിനേതാക്കള്‍ നല്‍കിയ ഉപദേശം.

ഗീലാനി രാജിവയ്‌ക്കേണ്ടിവന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കമര്‍ സാമന്‍ കൈര, മതകാര്യമന്ത്രി ഖുര്‍ഷിദ് ഷാ, പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-ക്യു നേതാവു ചൗധരി പെര്‍വേയ്‌സ് ഇലാഹി എന്നിവരുടെ പേരുകള്‍ പ്രചരിക്കുന്നുണ്ട്.