സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വൈബ്‌സൈറ്റുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി

single-img
13 January 2012

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും പ്രകോപനപരവുമായ ഉള്ളടക്കത്തിന്റെ പേരില്‍ ഗൂഗിളും ഫെയ്‌സ്ബുക്കുമടക്കം 21 പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ഇവയിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ മതിയായ തെളിവുണ്‌ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയെ അറിയിച്ചു.

അപകീര്‍ത്തികരവും പ്രകോപനപരവുമായ ഉള്ളടക്കത്തിന്റെ പേരില്‍ 21 സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചിരുന്നു. ഇവയില്‍ പത്തോളം വിദേശ കമ്പനികളും ഉള്‍പ്പെടും. അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കാന്‍ ഡല്‍ഹി കോടതി വെബ്‌സൈറ്റുകള്‍ക്ക് മാര്‍ച്ച് 13 വരെ സമയം അനുവദിച്ചിരുന്നു.

അനഭിമത പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ചൈനയിലേതുപോലെ ഇന്ത്യയിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്രപ്രവര്‍ത്തകനായ വിനയ് റായിയുടെ സ്വകര്യ അന്യായം പരിഗണിക്കുമ്പോഴായിരുന്നു കോടതി മുന്നറിയിപ്പ് നല്‍കിയത്.