ജയലളിതയുടെ ലാപ്‌ടോപ് വിതരണം അനശ്ചിതത്വത്തില്‍

single-img
12 January 2012

ഊട്ടി: തമിഴ്‌നാട്ടില്‍ പ്ലസ് ടു പരീക്ഷ പ്രഖ്യാപിച്ചിരിക്കെ നീലഗിരി ജില്ലയിലെ ബഹുഭൂരിഭാഗം വരുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന ലാപ്‌ടോപ് ലഭിക്കുകയില്ലെന്ന് ഏതാണ്ട് ഉറപ്പായി. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുമാണ് സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപുകള്‍ വിതരണം ചെയ്യുന്നത്. പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതിനിടയ്ക്ക് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുകയില്ലെന്നാണ് നിഗമനം.

ഈ വര്‍ഷം ലാപ്‌ടോപിന് അര്‍ഹതയുള്ള 5,000 വിദ്യാര്‍ഥികള്‍ക്ക് അത് ലഭിക്കുമോയെന്നാണ് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ച് എട്ട് മുതല്‍ പരീക്ഷ ആരംഭിക്കും. ജില്ലയില്‍ ഊട്ടിക്കടുത്ത ഥാവണി ഗവണ്‍മെന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 48 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇതുവരെ ലാപ്‌ടോപുകള്‍ വിതരണം ചെയ്തിട്ടുള്ളു. എഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് മുഴുവനും സൗജന്യമായി ലാപ്‌ടോപുകള്‍ വിതരണം ചെയ്യുമെന്നത്.
കുറഞ്ഞ കാലയളവിനുള്ളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമോയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.