വിഎസിനെ ഒന്നാംപ്രതിയാക്കി കേസെടുക്കണം: വിജിലന്‍സ്

single-img
11 January 2012

തിരുവനന്തപുരം: ബന്ധുവിനു സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്ത കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനേയും മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനേയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. അനധികൃതമായി സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍, പതിച്ചുകൊടുത്ത ഭൂമിക്കു നിയമവിരുദ്ധമായി വില്‍പ്പനാവകാശം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2.3 ഏക്കര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കാന്‍ കൂട്ടുനിന്നതിന്റേയും ഗൂഢാലോചനയില്‍ പങ്കാളിയായതിന്റേയും പേരിലാണു റവന്യു മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ് അന്വേഷണ സംഘം ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന കെ.ആര്‍. മുരളീധരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, ഭൂമി പതിച്ചു വാങ്ങിയ അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന്‍, സ്ഥലം പതിച്ചു നല്‍കിയ സമയത്ത് കാസര്‍ഗോഡ് കളക്ടറായിരുന്ന കൃഷ്ണന്‍കുട്ടി, നടപടി ഫയലുകള്‍ നീക്കിയ സമയത്തെ കലക്ടര്‍ ആനന്ദ്‌സിംഗ്, അച്യുതാനന്ദന്റെ പിഎ സുരേഷ് എന്നിവരെ മൂന്നു മുതല്‍ എട്ടുവരെ പ്രതികളാക്കാനും വിജിലന്‍സ് സംഘം ശിപാര്‍ശ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം സ്വജനപക്ഷപാതം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കേണ്ടത്.

വിജിലന്‍സ് കോഴിക്കോട് എസ്പി ഹ ബീബ് റഹ്മാന്‍, കാസര്‍ഗോഡ് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ ആറുമാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കെസെടുക്കണമെന്നു ശിപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അടുത്ത ദിവസം തന്നെ കേസ് ചാര്‍ജു ചെയ്യുമെന്നാണ് അറിയുന്നത്.