ആണവ സുരക്ഷയില്‍ ഓസ്‌ട്രേലിയ ഒന്നാമത്

single-img
11 January 2012

വാഷിംഗ്ടണ്‍: ആണവ സുരക്ഷയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഓസ്‌ട്രേലിയയ്ക്ക്. ഏറ്റവും മെച്ചപ്പെട്ടതും കര്‍ശന നിയന്ത്രണങ്ങളുമാണ് ഓസ്‌ട്രേലിയ ആണവ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ യുഎസ് സെനറ്റ് അംഗം സാം നണ്ണിന്റെ നേതൃത്വത്തില്‍ ‘ദ ന്യൂക്ലിയര്‍ ത്രെട്ട് ഇനിഷ്യേറ്റീവ്’ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ഉത്തരകൊറിയയാണ് ആണവ സുരക്ഷാ റാങ്കിംഗ് പട്ടികയില്‍ ഏറ്റവുമൊടുവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്കു നൂറില്‍ 94 പോയിന്റ് ലഭിച്ചപ്പോള്‍ 32-ാം റാങ്കിലുള്ള ഉത്തരകൊറിയയ്ക്കു 37 പോയിന്റാണ് ലഭിച്ചത്. 41 പോയിന്റുമായി പാക്കിസ്ഥാനാണ് ഉത്തരകൊറിയയ്ക്കു തൊട്ടുമുകളില്‍. പാക് ആണവായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അടുത്തിടെ ആണവായുധങ്ങള്‍ സുരക്ഷിതമാണെന്ന് പാക് ഭരണകൂടം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു.

49 പോയിന്റുമായി 28-ാം സ്ഥാനത്താണ് ഇന്ത്യ. ഹംഗറി(2), ചെക്ക് റിപ്പബ്ലിക്ക്(3), സ്വിറ്റ്‌സര്‍ലന്‍ഡ്(4), ഓസ്ട്രിയ(5) എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബ്രിട്ടനു പത്താം സ്ഥാനം ലഭിച്ചപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ് അമേരിക്ക. ആണവായുധം നിര്‍മ്മിക്കുന്നതിനു ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഒരു കിലോഗ്രാമെങ്കിലും സൂക്ഷിക്കുന്ന 32 രാജ്യങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളാണ് സര്‍വെയില്‍ പരിഗണിച്ചത്.