കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

single-img
9 January 2012

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങള്‍ റദ്ദാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിയമനം റദ്ദാക്കാനുള്ള ഉപലോകായുക്ത ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

ലോകായുക്ത വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ ആവശ്യം യോഗത്തില്‍ ബഹളത്തിനിടയാക്കി. എന്നാല്‍ ലോകായുക്ത വിധി അംഗീകരിക്കണമെന്നും ഇതിനെതിരേ സര്‍വകലാശാല അപ്പീല്‍ നല്‍കാന്‍ പാടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം. ഒരു ഘട്ടത്തില്‍ ബഹളം കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. വോട്ടെടുപ്പിലൂടെയാണ് തുടര്‍ന്ന് നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. എട്ടിനെതിരേ 11 വോട്ടുകള്‍ക്കാണ് തീരുമാനമെടുത്തത്.

ഒന്‍പത് ഇടത് അംഗങ്ങളാണ് സിന്‍ഡിക്കേറ്റില്‍ ഉള്ളത്. ഇതില്‍ സിപിഐയുടെ ഒരംഗം ഇന്ന് ഹാജരായിരുന്നില്ല. അപ്പലേറ്റ് അഥോറിറ്റി എന്ന നിലയില്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമനത്തില്‍ സ്വജനപക്ഷപാതവും ക്രമക്കേടും നടന്നിട്ടുണ്‌ടെന്ന് കാണിച്ചായിരുന്നു നിയമനം റദ്ദാക്കാനും പുതിയ പരീക്ഷ നടത്താനും ഉപലോകായുക്ത ഉത്തരവിട്ടത്.

149 പേരാണ് അസിസ്റ്റന്റ് ഗ്രേഡില്‍ നിയമനം നേടിയിരുന്നത്.