ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു: മുഖ്യമന്ത്രി

single-img
7 January 2012

കണ്ണൂര്‍: ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ജനസമ്പര്‍ക്കപരിപാടികള്‍ സഹായിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളും ഭരണകൂടവും ഒന്നുചേര്‍ന്നു പോകേണ്ട ഘടകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജനസമ്പര്‍ക്കപരിപാടിയുടെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിയുടെ വിജയം കൂട്ടായ്മയുടെ വിജയമാണ്. ഭരണ-പ്രതിപക്ഷഭേദമന്യേ എല്ലാവരും ഒത്തുചേരുന്നതാണു ജനസമ്പര്‍ക്കം. ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പുരോഗതിയുണ്ടാകൂ.

പതിമൂന്നാമതു ജനസമ്പര്‍ക്കമാണു കണ്ണൂരില്‍ നടന്നത്. ഇടുക്കി ജില്ലയിലേതു കൂടി കഴിഞ്ഞാല്‍ ഇതിന്റെ തുടര്‍നടപടികളുണ്ടാകും. ജനസമ്പര്‍ക്ക പരിപാടി ഇതോടെ അവസാനിക്കുകയില്ലെന്നും പ്രവൃത്തിപഥത്തിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ ലഭിച്ച നിരവധി അപേക്ഷകള്‍ പരിശോധനയിലാണെന്നും അവയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പരിപാടി വന്‍വിജയമാക്കിയ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ജനസമ്പര്‍ക്കം ജനകീയ പ്രശ്‌നപരിഹാരത്തിനുള്ള ഭരണകൂടത്തിന്റേയും സര്‍ക്കാരിന്റേയും ഇച്ഛാശക്തിയുടെ വിജയമാണെന്നു ചടങ്ങില്‍ സംസാരിച്ച ഗ്രാമവികസന മന്ത്രി കെ.സി. ജോസഫും ജനാധിപത്യം ജനകീയ പ്രശ്‌നപരിഹാരത്തിലൂടെയേ സാര്‍ഥകമാകൂവെന്നു കൃഷിമന്ത്രി കെ.പി. മോഹനനും പറഞ്ഞു.

എംഎല്‍എമാരായ എ.പി. അബ്ദുള്ളക്കുട്ടി, സണ്ണിജോസഫ്, കെ.എം. ഷാജി, ജില്ലാ കളക്ടര്‍ ആനന്ദ്‌സിംഗ്, എഡിഎം എന്‍.ടി. മാത്യു എന്നിവരും പ്രസംഗിച്ചു. ഡിഐജി എസ്. ശ്രീജിത്ത്, എസ്പി അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ പങ്കെടുത്തു.