പാക്കിസ്ഥാന്‍ ഇസ്രയേലുമായി അടുക്കണം: മുഷാറഫ്

single-img
7 January 2012

ജറൂസലം: കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇസ്രയേല്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുന്നതിനെ നേരിടാന്‍ പാക്കിസ്ഥാന്‍ ആ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ഇസ്രയേലുമായുള്ള ബന്ധം യുഎസിലെ അതിശക്തരായ ജൂത ലോബിയുമായി അടുക്കാന്‍ പാക്കിസ്ഥാനെ സഹായിക്കുമെന്ന് അദ്ദേഹം ഇസ്രേലി പത്രമായ ഹരീറ്റ്‌സിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

എപ്പോഴും ഇന്ത്യാ അനുകൂല നിലപാടു സ്വീകരിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. ഇതിനെ നേരിടാന്‍ ഇസ്രയേലുമായുള്ള ബന്ധം പാക്കിസ്ഥാനെ സഹായിക്കും. പലസ്തീന്‍ വിഷയം മൂലമാണ് പാക്കിസ്ഥാന്‍ എപ്പോഴും ഇസ്രയേല്‍ വിരുദ്ധ നിലപാടു സ്വീകരിച്ചിട്ടുള്ളതെന്നു മുഷാറഫ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ ജനങ്ങള്‍ എല്ലായ്‌പോഴും പലസ്തീന്റെ പക്ഷത്താണ്. ഇസ്രയേല്‍ നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം. പല മുസ്്‌ലിം രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി പരസ്യമായോ രഹസ്യമായോ ബന്ധമുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കി പ്രതികരിക്കേണ്ടത് ആവശ്യമാണ്. പരിതസ്ഥികള്‍ക്കനുസരിച്ച് നയങ്ങളിലും മാറ്റംവരുത്തണം.

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നതു ശരിയാണെന്നും മുഷാറഫ് പറഞ്ഞു. എന്നാല്‍ ഇതിനു പകരമായി ഇസ്രയേല്‍ ഇന്ത്യയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുകയും എല്ലായ്‌പോഴും പാക് വിരുദ്ധ നിലപാടു സ്വീകരിക്കുകയുമല്ല വേണ്ടതെന്നു മുഷാറഫ് കൂട്ടിച്ചേര്‍ത്തു.