കെഎസ്ആര്‍ടിസി ഈ മാസം ആയിരം പുതിയ ബസുകള്‍ നിരത്തിലിറക്കും: മന്ത്രി

single-img
7 January 2012

കൊച്ചി: കെഎസ്ആര്‍ടിസി ഈ മാസം അവസാനത്തോടെ ആയിരം പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ നല്ലൊരു പങ്കും കൊച്ചിയ്ക്ക് നല്‍കും. കഴിഞ്ഞ ഏഴു മാസം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഏഴു കോടിയുടെ വര്‍ധനയുണ്ടായി. ജീവനക്കാരെ വിശ്വാസത്തിലെടുത്തു കൊണ്ട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കഴിഞ്ഞ മാസം 3500 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് തുറക്കുന്നതോടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടി ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മൊബിലിറ്റി ഹബ്ബ് പോലുള്ള കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊച്ചി മെട്രോ റെയില്‍ പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് റോഡ് സുരക്ഷാ സെല്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.ബാബു പറഞ്ഞു. ഇ.ശ്രീധരന്റെ നേതൃപങ്കാളിത്തം ഉറപ്പാക്കി മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. റോഡു സുരക്ഷാ ദശകവുമായി ബന്ധപ്പെട്ടുള്ള ബോധവല്‍കരണ നടപടികള്‍ക്കൊപ്പം നിയമം നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഉദ്യോഗസ്ഥരുടേയും യാത്രികരുടേയും ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ബെന്നി ബെഹ്നാന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ ജി.വേണുഗോപാല്‍, മാനേജര്‍ എം.ഇര്‍ഷാദ്, മൊബിലിറ്റി ഹബ്ബ് എം.ഡി. ഡോ.എം.ബീന, ഡപ്യൂട്ടി ട്രാന്‍സപോര്‍ട്ട് കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, ആര്‍.ടി.ഒ ടി.ജെ.തോമസ്, എ.ടി.ഒ കെ.സി.വേണിഗോപാലന്‍, കൗണ്‍സിലര്‍ സുനിത ഡികസ്ണ്‍ എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സിയുടെ 32 ദീര്‍ഘദൂര സര്‍വീസുകള്‍ കൂടി വൈറ്റില മൊബിലിറ്റി ഹബ്ബ് വഴി സര്‍വീസ് ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ഇവ ഓടിത്തുടങ്ങി.