ഇന്ത്യ ഇനിയും വിയര്‍ക്കുമെന്ന് ഡീന്‍ ജോണ്‍സ്

single-img
7 January 2012

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ്. രണ്ടു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ നില ഏറെ പരിതാപകരമാണ്. 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന സ്ഥിരതയാര്‍ന്ന ബൗളര്‍മാരില്ലാത്തതാണ് ടീം ഇന്ത്യയെ പരാജയത്തിലേയ്ക്കു നയിക്കുന്നത്.

ഈ പിഴവ് തുടര്‍ന്നാല്‍ ഇനി അവശേഷിക്കുന്ന ടെസ്റ്റുകളിലും ടീം ഇന്ത്യ വിയര്‍ക്കുമെന്ന് ജോണ്‍സ് പറഞ്ഞു. മൂന്നു പേസര്‍മാരെങ്കിലും ഇന്ത്യയ്ക്കു വേണം. ഏകദിന ക്രിക്കറ്റ് ഒറ്റയാള്‍ പോരാട്ടത്തിലേയ്ക്കു ചുരുങ്ങുന്നതാണെങ്കില്‍ ടെസ്റ്റില്‍ മത്സരം വിജയിക്കാന്‍, എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കാകണം. ടീം ഇന്ത്യയ്ക്കു ഒരു പേസറാണുള്ളത്. ഇശാന്ത് ശര്‍മയാണത്. പിന്നെയുള്ളത് ഭാവി വാഗ്ദാനമായ ഉമേഷ് യാദവാണ്. ഇവരെവച്ച് ഒരു ടെസ്റ്റ് മത്സരത്തില്‍ എതിരാളികളുടെ ബാറ്റിംഗ് നിരയെ വീഴ്ത്താന്‍ ഇന്ത്യ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

അതേസമയം, സിഡ്‌നിയില്‍ ഇശാന്ത് ശര്‍മ, കാറ്റിന്റെ ദിശയ്ക്കു എതിരാണ് പന്തെറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇശാന്തിന്റെ പന്തിനു വേഗതയുണ്‌ടെന്നും എന്നാല്‍ കാറ്റിന്റെ ദിശയില്‍ പന്തെറിയാന്‍ കഴിയാത്തതിനാല്‍ ബാറ്റ്‌സ്മാനു ഇതു അനുകൂലസാഹചര്യമൊരുക്കിയെന്നും ജോണ്‍സ് നിരീക്ഷിച്ചു. അതോടൊപ്പം ടീം ഇന്ത്യ ഏകദിനത്തിനും ടെസ്റ്റിനും രണ്ടു ക്യാപ്റ്റന്‍മാരെ നിശ്ചയിക്കുന്നതു ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി, എതിരാളിയെ ക്ഷമാപൂര്‍വം നിലംപരിശാക്കാനുള്ള തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ഇതു ഏകദിനത്തിനു അനുയോജ്യമാണ്. എന്നാല്‍ ടെസ്റ്റില്‍ ബാറ്റ്‌സ്മാനെതിരെ പ്രകോപനതന്ത്രമാണ് ആവിഷ്‌കരിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.