ആരുപറഞ്ഞു… തമിഴ് അയ്യപ്പ ഭക്തര്‍ സുരക്ഷിതരല്ലെന്ന്?

single-img
5 January 2012

മുല്ലപ്പെരിയാര്‍ പ്രശ്‌നം നീറി നില്‍ക്കുന്ന ഈ അവസരത്തില്‍ കേരളത്തിലേക്കുള്ള തമിഴ് അയ്യപ്പഭക്തന്‍മാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ അയ്യപ്പഭക്തന്‍മാരെ മുല്ലപ്പെരിയാറിന്റെ പേരില്‍ ആക്രമിക്കുന്നുവെന്ന പ്രചരണം തമിഴ്‌നാട്ടില്‍ വ്യാപകമായതാണ് കാരണം. ചില തല്‍പ്പര കക്ഷികള്‍ രാഷ്ട്രീയത്തിന്റെയും പ്രാദേശിക വാദത്തിന്റെയും പേരില്‍ ഉന്നയിക്കുന്ന ഈ കുപ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുകയാണ് തിരുവള്ളൂരില്‍ നിന്നും ശബരിമലയില്‍ പോയിട്ടു വരുന്ന ദുരൈസ്വാമിയും സംഘവും.

ഇത്രയും ദൂരം സഞ്ചരിച്ച് ജില്ലകള്‍ താണ്ടി തിരുവനന്തപുത്തിനടുത്തുള്ള കഴക്കൂട്ടത്ത് എത്തിയ ദുരൈസ്വാമി ഈ പറയുന്ന യാതൊരു പ്രശ്‌നവും കേരളത്തിലില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. അതുമാത്രമല്ല മലയാളികളില്‍ നിന്നും കിട്ടിയ സഹകരണങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുവാനും ദുരൈസ്വാമിയും സംഘവും പിശുക്ക് കാണിക്കുന്നില്ല.

വര്‍ഷങ്ങളായി ശളബരിമല ദര്‍ശനം മുടങ്ങാതെ നടത്തുന്ന ദുരൈസ്വാമിസംഘം ഇപ്രാവശ്യം ആശങ്കാ ജനകമായ മനസ്സോടെയാണ് തിരുവള്ളൂരില്‍ നിന്നും മലയാത്രയ്ക്ക് തിരിച്ചത്. മുല്ലപ്പെരിയാറിന്റെ പേരില്‍ രണ്ടു സംസ്ഥനങ്ങളും സംഘര്‍ഷഭീതിയില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സമാധാനത്തോടെ പോകാന്‍ കഴിയുക? പക്ഷേ കേരള അതിര്‍ത്തി കടക്കുവാന്‍ കുറച്ചു ദൂരം മാത്രമുള്ള ഈ നിമിഷത്തിലും ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന് വിളിച്ചുപറയുന്നു ദുരൈസ്വാമി.

തമിഴരും മലയാളികള്‍ക്കും ഒരിക്കലും ഒരു കാര്യത്തിനു വേണ്ടിയും പിരിയാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് ദുരൈസ്വാമി. ദര്‍ശനത്തിന് വരാന്‍ കഴിയാത്ത തമിഴ് അയ്യപ്പന്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്ന് ദുരൈസ്വാമി ഇ-വാര്‍ത്തയോടു പറഞ്ഞു. മലയാളികള്‍ പ്രശ്‌നക്കാരാണെന്ന് തന്റെ അയല്‍വാസികള്‍ വരെ വിശ്വസിക്കുന്നുണ്ട്. ഇനി അവരുടയെല്ലാം തെറ്റായ വിശ്വാസങ്ങള്‍ മാറ്റിയെടുക്കണമെന്നും ദുരൈസ്വാമി പറഞ്ഞു.

അയ്യപ്പനെ കണ്ട് തൊഴുത് മനസ്സു നിറഞ്ഞ് ദുരൈസ്വാമി യാത്രയാകുന്നു. അടുത്ത വര്‍ഷവും തീര്‍ച്ചയായും വരുമെന്ന വാക്കോടെ….