കൊച്ചി മെട്രോ: അവസാന വാക്ക് ഇ.ശ്രീധരന്റേതെന്ന് മുഖ്യമന്ത്രി

single-img
4 January 2012

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അവസാന വാക്ക് ഇ.ശ്രീധരന്റേതായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇ.ശ്രീധരന്റെ സേവനം കൊച്ചി മെട്രോ പദ്ധതിയ്ക്കായി പൂര്‍ണമായും വിനിയോഗിക്കണമെന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിയ്ക്ക് ആഗോള ടെന്‍ഡര്‍ വിളിയ്ക്കുന്ന കാര്യത്തിലും അവസാന വാക്ക് ശ്രീധരന്റേതായിരിക്കും. വിവാദങ്ങളില്‍പ്പെട്ട് പദ്ധതി വൈകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. 12ന് ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി കേരളത്തിലെത്തുന്ന ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ സംയുക്ത നിയന്ത്രണം ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും തമിഴ്‌നാടും കേരളവും ഉള്‍പ്പെട്ട സമിതിക്കാകണം സംയുക്ത നിയന്ത്രണമെന്നും ഡാമിലെ ജലം മുഴുവന്‍ തമിഴ്‌നാടിന് നല്‍കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ റേഷന്‍ നല്‍കും. വീടുകള്‍ നന്നാക്കുന്നതിന് അടിയന്തരസഹായം നല്‍കും. ഇതിന് ജില്ലാ കലക്ടറുടെ നിധിയിലേക്ക് 5 കോടി രൂപ അനുവദിച്ചു. പ്രശ്‌നം വിശദമായി പഠിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുതലപ്പെടുത്തിയിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.